1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2023

സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ ദോഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ നിന്ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കും തിരിച്ചുമാണ് സര്‍വീസ്.

ഡിസംബര്‍ 15ന് പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. എ321 നിയോ എയര്‍ക്രാഫ്റ്റ് ആണ് സര്‍വീസിന് ഉപയോഗപ്പെടുത്തുക. ദോഹയ്ക്കും മുംബൈയ്ക്കും ഇടയില്‍ ആഴ്ചയില്‍ നാല് വിമാനങ്ങള്‍ സര്‍വീസ് നടത്തും.

വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന 50ാമത്തെ വിമാനത്താവളമായിരിക്കും ദോഹ. 30,599 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ വളര്‍ന്നുവരുന്ന സാമ്പത്തിക കേന്ദ്രമായ ദോഹയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സര്‍വീസ് മുംബൈയില്‍ നിന്ന് ആരംഭിക്കാന്‍ കഴിഞ്ഞത് ഏറെ ആഹ്ലാദം പകരുന്നതായി എയര്‍ലൈന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു.

ഈ നീക്കം ഗള്‍ഫ് മേഖലയിലെ വിസ്താരയുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുക മാത്രമല്ല, മുംബൈ ഹബ്ബില്‍ നിന്നുള്ള തങ്ങളുടെ നെറ്റ്വര്‍ക്ക് ഓഫര്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു. യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ, സൗദി അറേബ്യയിലെ ദമാം, ജിദ്ദ, ഒമാനിലെ മസ്‌കറ്റ് എന്നിവിടങ്ങളിലേക്കും നിലവില്‍ വിസ്താര എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകളാണിവ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.