
സ്വന്തം ലേഖകൻ: ആഭ്യന്തര വിമാന യാത്രയ്ക്ക് ഇനി ചെലവേറും. ആഭ്യന്തര വിമാന യാത്രാ നിരക്കിന്റെ കുറഞ്ഞ പരിധി 13 ശതമാനത്തിൽ നിന്ന് 16 ശതമാനമാക്കി ഉയർത്താൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ജൂൺ ഒന്നുമുതൽ പുതിയ നിരക്ക് നിലവിൽ വരും. മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം 40 മിനിട്ടിന് താഴെയുളള ആഭ്യന്തര വിമാനയാത്ര നിരക്ക് 2300 രൂപ മുതൽ 2600 വരെ ഉയരും.
40 മിനിട്ട് മുതൽ ഒരു മണിക്കൂർ ദൈർഘ്യമുളള യാത്രകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 3300 രൂപയായിരിക്കും. ഇത്തരം വിമാനയാത്രയുടെ കുറഞ്ഞ നിരക്ക് നേരത്തേ 2900 രൂപയായിരുന്നു. 60-90 മിനിട്ട് ദൈർഘ്യമുളള യാത്രയ്ക്ക് 4000 രൂപയും 90-120 മിനിട്ട് ദൈർഘ്യമുളള യാത്രയ്ക്ക് 4700 രൂപയും 150-180 മിനിട്ട് ദൈർഘ്യമുളള യാത്രയ്ക്ക് 6,100 രൂപയും 180-210 മിനിട്ട് ദൈർഘ്യമുളള യാത്രയ്ക്ക് 7400 രൂപയും ആയിരിക്കും. ഉദാഹരണത്തിന് ഡൽഹി- മുംബൈ ഫ്ളൈറ്റിന് നിലവിലുളള യാത്രാനിരക്കിലേക്കാൾ ജൂൺ ഒന്നുമുതൽ 700 രൂപ കൂടുതൽ നൽകേണ്ടതായി വരും.
കോവിഡ് പശ്ചാത്തലത്തിൽ വിമാന യാത്രക്കാരിലുണ്ടായ കുറവാണ് യാത്രാ നിരക്ക് വർധിപ്പിക്കുന്നതിനുളള ഒരു കാരണം. കോവിഡ് കേസുകൾ രാജ്യത്ത് വർധിച്ചതോടെ വിമാന യാത്രക്കാരുടെ എണ്ണത്തിലും വിമാനത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കുന്ന യാത്രക്കാരുടെ എണ്ണത്തിലും കുറവ് വന്നിരുന്നു.
യാത്രാനിരക്കിൽ നികുതികൾ, വിമാനത്താവള വികസന ഫീസ് എന്നിവ ഉൾപ്പെടില്ല. അത് യാത്രക്കാർ നൽകേണ്ടി വരും. 2021 ഫെബ്രുവരിയിൽ ആഭ്യന്തര വിമാന യാത്രാ നിരക്കിന്റെ താഴ്ന്നതും ഉയർന്നതുമായ പരിധി 10 ശതമാനത്തിൽ നിന്ന് 13 ശതമാനമായി മന്ത്രാലയം ഉയർത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല