1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2022

സ്വന്തം ലേഖകൻ: എല്ലാ പൗരന്മാർക്കും ഇ-പാസ്‌പോർട്ടുകൾ ഉടന്‍ വിതരണം ചെയ്യാൻ തുടങ്ങുമെന്ന് കേന്ദ്രം. രാജ്യമൊട്ടാകെ ഇ-പാസ്‌പോർട്ട് ഉടൻ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചുള്ള ഇ-പാസ്പോര്‍ട്ട് കൂടുതല്‍ സുരക്ഷിതമാണെന്നും ഇമിഗ്രേഷൻ പോസ്റ്റുകളിലൂടെ സുഗമമായി കടന്നുപോകാൻ ഇത് സഹായിക്കുമെന്നും സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു.

പാസ്‌പോർട്ടിൽ ഉള്‍പ്പെടുത്തുന്ന മൈക്രോചിപ്പ്, പാസ്‌പോർട്ട് ഉടമയുടെ ബയോമെട്രിക് ഡാറ്റയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിവരങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും. കൂടാതെ RFID (റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) വഴിയുള്ള അനധികൃത ഡാറ്റാ കൈമാറ്റം തടയുന്നതിനായുള്ള മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഐഡന്റിറ്റി മോഷണം, വ്യാജരേഖകൾ എന്നിവ തടയുന്നതിനും കാര്യക്ഷമമായ ഇമിഗ്രേഷൻ നടപടിക്രമങ്ങള്‍ക്കും ഇത് സഹായിക്കും.

ഇത്തരം ചിപ്പുകൾ ഉൾച്ചേർത്ത 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോർട്ടുകൾ സർക്കാർ മുന്‍പ് പരീക്ഷണാടിസ്ഥാനത്തിൽ ഇഷ്യൂ ചെയ്തിരുന്നു. ഇത് വിജയകരമായതോടെയാണ് എല്ലാ പൗരന്മാര്‍ക്കും ഇ-പാസ്പോര്‍ട്ട് നല്‍കുന്നതിനുള്ള ആലോചനകള്‍ ആരംഭിച്ചത്. ഇതുവരെ, അച്ചടിച്ച ബുക്ക്‌ലെറ്റുകളുടെ രൂപത്തിലാണ് പാസ്‌പോർട്ടുകൾ നൽകിയിരുന്നത്.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ളതായിരിക്കും ഇ-പാസ്‌പോർട്ടുകൾ. പാസ്‌പോർട്ടിന്‍റെ മുൻവശത്തുള്ള ചിപ്പില്‍ ഇ-പാസ്‌പോർട്ടുകൾക്കായുള്ള രാജ്യാന്തര അംഗീകൃത ലോഗോയുമുണ്ടാകും.

വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ 36 പാസ്‌പോർട്ട് ഓഫീസുകളും ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്. സർക്കാർ വെബ്‌സൈറ്റിൽ അപേക്ഷാ ഫോം ഫയൽ ചെയ്യുന്നത് മുതൽ അപ്പോയിന്റ്‌മെന്‍റ് തീയതി തിരഞ്ഞെടുക്കുന്നത് വരെയുള്ള നടപടിക്രമങ്ങളില്‍ മാറ്റമുണ്ടാവില്ല. നിലവില്‍ പുതിയ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യാനെടുക്കുന്ന സമയത്തെയും പുതിയ സംവിധാനം ബാധിക്കില്ല.

2021-ൽ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുകയോ വീണ്ടും അനുവദിക്കുകയോ ചെയ്യുന്നവർക്ക് ഇ-പാസ്‌പോർട്ടുകൾ ലഭ്യമാകുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് ഈ പദ്ധതികൾ വൈകുകയായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി പാസ്‌പോർട്ട് വിതരണ അതോറിറ്റികൾ (PIA) 2019-ൽ 12.8 ദശലക്ഷത്തിലധികം പാസ്‌പോർട്ടുകൾ വിതരണം ചെയ്തിരുന്നു. ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ആഗോളതലത്തിൽ ഏറ്റവും വലിയ പാസ്‌പോർട്ട് വിതരണമാണ് ഇത്.

പുതിയ പാസ്പോര്‍ട്ടിനോ കാലഹരണപ്പെട്ട ബുക്ക്‌ലെറ്റ് വീണ്ടും ഇഷ്യൂ ചെയ്യുന്നതിനോ അപേക്ഷിക്കുന്ന എല്ലാ പൗരന്മാർക്കും ഇ–പാസ്‌പോർട്ട് നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഈ സൗകര്യം വരുന്നതോടെ രാജ്യാന്തര യാത്രകൾ സുഗമമാകുകയും ഇമിഗ്രേഷൻ കൗണ്ടറുകളിൽ പ്രോസസ്സിംഗ് വേഗത്തിലാകുകയും ചെയ്യും. എന്താണ് ഈ ഇ പാസ്പോര്‍ട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി, നിലവിൽ നൽകുന്ന പാസ്‌പോർട്ടുകള്‍ നവീകരിച്ച് പുതിയ രൂപത്തിലാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

പരമ്പരാഗത ഇലക്‌ട്രോണിക് ഇതര പാസ്‌പോർട്ട് ബുക്ക്‌ലെറ്റിൽ ഇലക്ട്രോണിക് മൈക്രോപ്രൊസസർ ചിപ്പ് ഉൾച്ചേർക്കുകയാണ് ഇതില്‍ ചെയ്യുന്നത്. രണ്ടാം പേജിലുള്ള ജീവചരിത്ര വിവരങ്ങളും ഡിജിറ്റൽ സുരക്ഷാ ഫീച്ചറും ഇതില്‍ സംഭരിക്കുന്നു. നാസിക്കിലെ ഇന്ത്യൻ സെക്യൂരിറ്റി പ്രസ്, നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതുകൂടാതെ, മൊബൈല്‍ ഫോണിൽ പോലും കൊണ്ടുപോകാവുന്ന രീതിയിലുള്ള പൂർണ ഡിജിറ്റൽ പാസ്‌പോർട്ടുകൾ അവതരിപ്പിക്കുക എന്നതാണ് മറ്റൊരു പദ്ധതി. വർധിച്ച സുരക്ഷാ ഫീച്ചറുകൾ, പാസ്‌പോർട്ടിനെ നിലവില്‍ ഈ ഫീച്ചറുകൾ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ വിശാലമായ പട്ടികയിൽ കൂടുതൽ സ്വീകാര്യമാക്കും. തൽഫലമായി, മുൻകൂർ വിസയില്ലാതെ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ആക്സസ് ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണവും വർദ്ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഐസിഎഒ ഡാറ്റ അനുസരിച്ച്, നൂറിലധികം സംസ്ഥാനങ്ങളും ഐക്യരാഷ്ട്രസഭ പോലുള്ള നോൺ-സ്റ്റേറ്റ് സ്ഥാപനങ്ങളും നിലവിൽ ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നുണ്ട്. നിലവില്‍ ലോകമൊട്ടാകെ ഇത്തരത്തിലുള്ള 490 ദശലക്ഷത്തിലധികം ഇ-പാസ്‌പോർട്ടുകൾ പ്രചാരത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.