1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2021

സ്വന്തം ലേഖകൻ: ഗതാഗത മേഖലയിലെ പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം എഥനോളിനെയും അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഫ്ലെക്​സ്​ എഞ്ചിനുകൾകൂടി നിർമിക്കണമെന്ന ഉത്തരവ്​ ഉടൻ പുറത്തിറക്കുമെന്ന്​ കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്​കരി പറഞ്ഞു.

“ബ്രസീലിലെ പോലെ, ഉപഭോക്താക്കൾക്ക് ഇന്ധനം തെരഞ്ഞെടുക്കാൻ ഫ്ലെക്സ് എഞ്ചിനുകൾകൂടി നിർമാതാക്കൾ ഉത്​പ്പാദിപ്പിക്കണം. സാങ്കേതികവിദ്യ ലഭ്യമായതിനാൽ പുതിയ കുതിപ്പിനുള്ള സമയമാണിത്. വാഹന കമ്പനികള്‍ ബയോ-എഥനോൾ അനുയോജ്യ വാഹനങ്ങൾ വേഗത്തിൽ പുറത്തിറക്കാൻ ശ്രമിക്കണം,“ മന്ത്രി പറഞ്ഞു.

ആറ്​ മാസത്തിനകം രാജ്യത്ത്​ എഥനോൾ പമ്പുകളുടെ ശൃംഖല സ്​ഥാപിക്കുമെന്ന്​ നേരത്തേ ഗതാഗത മന്ത്രാലയം പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും പിന്നീട് പമ്പുകൾ സ്​ഥാപിക്കുകയും ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. 2022 മുതൽ ഇന്ത്യയിലുടനീളം 10​ ശതമാനം എഥനോൾ ചേർത്ത ഇന്ധനം കൊണ്ടുവരാനും ഇത്​ ഘട്ടംഘട്ടമായി 20 ശതമാനംവരെ വർധിപ്പിക്കാനും കേന്ദ്രത്തിന്​ പദ്ധതിയുണ്ട്​.

ഫ്ലക്​സ്​ എഞ്ചിനുകൾ എന്നത്​ പുതിയൊരു ആശയമല്ല. വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ ഇവ ഉപയോഗിക്കുന്നുണ്ട്​. ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ്​ ഫ്ലെക്​സ്​ എഞ്ചിനുകൾ. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ്​ ഇവയിൽ ഉപയോഗിക്കുന്നത്​. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്​. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ്​ പോലുള്ള പരിഷ്​കാരങ്ങളാണ്​ ഇത്​ സാധ്യമാക്കുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.