1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2021

സ്വന്തം ലേഖകൻ: അഫ്​ഗാനിസ്​താനിൽനിന്ന്​ യു.എസ്​- നാറ്റോ സൈനിക പിന്മാറ്റം പൂർത്തിയാകാനിരിക്കെ താലിബാൻ അതിവേഗം രാജ്യം പിടിക്കുന്ന സാഹചര്യം മുൻനിർത്തി നയതന്ത്ര ഉദ്യോഗസ്​ഥരെ കൂട്ടമായി പിൻവലിച്ച്​ ഇന്ത്യ. താലിബാൻ നിയന്ത്രണത്തിലേക്ക്​ നീങ്ങുന്ന കാണ്ഡഹാർ നഗരത്തിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നാണ്​ 50 പേരെ വ്യോമസേന വിമാനം അയച്ച്​ അടിയന്തരമായി ഒഴിപ്പിച്ചത്​.

പട്ടണത്തിന്‍റെ ​പ്രധാന ഭാഗങ്ങളൊക്കെയും ഇതിനകം താലിബാൻ നിയന്ത്രണത്തിലായിട്ടുണ്ട്​. എന്നാൽ, കോൺസുലേറ്റ്​​ അടക്കാൻ നിലവിൽ തീരുമാനമില്ല. കാബൂൾ, മസാറെ ശരീഫ്​ എന്നിവിടങ്ങളിലെ നയ​തന്ത്ര കാര്യാലയങ്ങളും അടക്കില്ല. രാജ്യത്തെ സാഹചര്യം സൂക്ഷ്​മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യൻ ഉ​ദ്യോഗസ്​ഥരുടെയും പൗരന്മാരുടെയും സുരക്ഷക്ക്​ മുന്തിയ പരിഗണന നൽകുമെന്നും അധികൃതർ വ്യക്​തമാക്കി.

ശനിയാഴ്ച ഒഴിപ്പിക്കുന്നതിന്​ മുന്നോടിയായി കാണ്ഡഹാർ കോൺസുലേറ്റ്​ താത്​കാലികമായി ഒഴിപ്പിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്​ഥർ, ജീവനക്കാർ, സുരക്ഷാ ജീവനക്കാർ എന്നിവരെയാണ്​ ന്യൂഡൽഹിയിലേക്ക്​ കൊണ്ടുവന്നത്​.
അതിനിടെ യുഎസ് സൈന്യം സമ്പൂർണമായി പിന്മാറിയതിനു പിറകെ അഫ്ഗാനിസ്താനിൽ നിയന്ത്രണമുറപ്പിക്കാനുള്ള നീക്കം ശക്തമാക്കി താലിബാൻ. ദിവസങ്ങളായി തുടരുന്ന സൈനിക നീക്കത്തില്‍ രാജ്യത്തെ പ്രധാന അതിർത്തി പ്രദേശങ്ങൾ പിടിച്ചടക്കിയതായി താലിബാൻ വൃത്തങ്ങൾ അവകാശപ്പെട്ടു.

ഇറാൻ, തുർക്ക്മെനിസ്താന്‍ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നഗരങ്ങളാണ് താലിബാൻ നിയന്ത്രണത്തിൽ ആക്കിയിരിക്കുന്നത്. ഇറാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇസ്‍ലാം ഖാലയും തുർക്ക്മെനിസ്താന്‍‍റെ തൊട്ടടുത്തുള്ള തോര്‍ഗണ്ടിയുമാണ് സംഘം പിടിച്ചടക്കിയത്. അതിർത്തിയിലെ കസ്റ്റംസ് ഓഫീസിലെ അഫ്ഗാൻ പതാക താലിബാൻ സൈന്യം അഴിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

രാജ്യത്തെ 85 ശതമാനം ഭാഗവും തങ്ങളുടെ നിയന്ത്രണത്തിൽ ആക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഈ വാദം അഫ്ഗാൻ സർക്കാർ തള്ളിക്കളഞ്ഞിട്ടുണ്ട്. അഫ്ഗാനിലെ 400 ജില്ലകളിൽ ഭൂരിഭാഗവും താലിബാൻ പിടിച്ചടക്കിയതായി മറ്റൊരു റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇതും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ല.

ദിവസങ്ങൾക്കുമുൻപാണ് അഫ്ഗാനിസ്താനിലെ ബാഗ്രാം സൈനിക താവളം ഉപേക്ഷിച്ച് യുഎസ് സൈനികർ നാട്ടിലേക്കു തിരിച്ചത്. സെപ്റ്റംബർ 11 ആക്രമണത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായായി അഫ്ഗാനിൽ നിന്നുള്ള സമ്പൂർണ പിന്മാറ്റമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായായിരുന്നു സൈനികർ കൂട്ടത്തോടെ അഫ്ഗാൻ വിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.