1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ ഇമിഗ്രേഷന്‍ പരിശോധനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള യാത്രക്കാര്‍ക്കായി ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമുമായി സര്‍ക്കാര്‍. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പും ശേഷവുമുള്ള ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കുന്നത് വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും സമയം ലാഭിക്കുന്നതിനും സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക.

മുന്‍കൂട്ടി പരിശോധിച്ച് വെരിഫൈ ചെയ്ത യാത്രക്കാര്‍ക്കാണ് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള അതിവേഗ എമിഗ്രേഷന്‍ ക്ലിയറന്‍സ് അനുവദിക്കുന്നത്. 2027ഓടെ ഈ സൗകര്യം രാജ്യത്തെ 15 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2032ഓടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതിവേഗ ഇമിഗ്രേഷന്‍ സൗകര്യം എത്തും.

പ്രത്യേകം സജ്ജീകരിച്ചിരുന്ന ഇലക്ട്രോണിക് ഗേറ്റുകളിലൂടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവില്‍ മൂന്ന് ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യൂ നില്‍ക്കാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള യാത്രക്കാര്‍ക്ക് ഈ മൂന്ന് ഇ ഗേറ്റുകളിലൂടെ എളുപ്പത്തില്‍ യാത്രയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാം.

യുഎസിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വികസിപ്പിച്ച ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാമിന് സമാനമായാണ് ഇന്ത്യയുടെ ഈ പദ്ധതി പ്രവര്‍ത്തിക്കാനിരിക്കുന്നത്. ഇലക്ട്രോണിക് വെരിഫിക്കേഷന്‍ മാനദണ്ഡങ്ങളും പ്രക്രിയയും ഇപ്പോളും പൂര്‍ണമായി വികസിപ്പിച്ചിട്ടില്ല. ഇന്ത്യയിലേക്ക് ഒരു യാത്രക്കാരന്‍ എത്തുമ്പോഴും ഇന്ത്യയില്‍ നിന്ന് ഒരാള്‍ പുറത്തുപോകുമ്പോഴും പാസ്‌പോര്‍ട്ട് എങ്ങനെയാണ് സ്റ്റാമ്പ് ചെയ്യേണ്ടതെന്നതും സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.