1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെയും ബ്രിട്ടൻ ഇന്ത്യയെ റെഡ് പട്ടികയിലാക്കിയതിന്റെയും പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തലാക്കിയ ബ്രിട്ടനിലേക്കുള്ള വിമാനസർവീസുകൾ എയർ ഇന്ത്യ മേയ് ഒന്നിന് ഭാഗികമായി പുന:രാരംഭിക്കും. ഈ മാസം 24 മുതൽ 30 വരെയുള്ള സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയിരുന്നത്. ഡൽഹി, മുംബൈ, ബാഗ്ലൂർ എന്നിവിടങ്ങളിലേക്കാണു മേയ് ഒന്നുമുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഭാഗികമായി സർവീസ് പുന:രാരംഭിക്കുന്നത്.

മേയ് 2,3,7,9.10,14 തീയതികളിലാണ് ഡൽഹിയിൽ നിന്നു ലണ്ടൻ ഹീത്രുവിലേക്കും തിരിച്ചുമുള്ള സർവീസുകൾ. മേയ് 1,4,6,8,11,13,15, തീയതികളിലാണ് മുംബൈ- ഹീത്രൂ സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മേയ് 5,12 തീയതികളിലാണ് ബാംഗ്ലൂരിൽനിന്നും തിരിച്ചുമുള്ള സർവീസുകൾ.

ഈ ദിവസങ്ങളിൽ യാത്രയ്ക്ക് നേരത്തെ ടിക്കറ്റ് ബുക്കുചെയ്തിരുന്നവർ ടിക്കറ്റുകൾ റീ ബുക്ക് ചെയ്യുകയോ എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് റീ വാലിഡേറ്റ് ചെയ്യുകയോ വേണം. പുതിയ ടിക്കറ്റുകൾ എയർ ഇന്ത്യ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പിലൂടെയും ട്രാവൽ ഏജന്റുമാർ മുഖേനെയും ബുക്ക് ചെയ്യാം. ഇരുരാജ്യങ്ങളിലെയും കോവിഡ് നിയന്ത്രണങ്ങളനുസരിച്ചും ക്വാറന്റ‌ീൻ നിബന്ധനകൾ പാലിച്ചുമാകും എയർ ഇന്ത്യ യാത്രാ സൗകര്യം ഒരുക്കുക.

എയർ ഇന്ത്യ സർസീസുകൾ തൽക്കാലത്തേക്കു നിർത്തിയതോടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ബ്രിട്ടീഷ് എയർവേസിന്റെയും വെർജിൻ അറ്റ്ലാന്റിക്കിന്റെയും വിസ്താരയുടെയും നാമമാത്രമായ വിമാനങ്ങൾ മാത്രമായിരുന്നു ബ്രിട്ടനിലെ ഇന്ത്യക്കാർക്ക് ആശ്രയം. ഭാഗികമായെങ്കിലും സർവീസുകൾ പുനരാരംഭിക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനം കോവിഡ് ദുരിതത്തിൽ വലയുന്ന മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പകരുന്ന ആശ്വാസം വലുതാണ്. .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.