1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2022

സ്വന്തം ലേഖകൻ: ജര്‍മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് ദ്വിദിന സന്ദര്‍ശനത്തിനായി ഡിസംബര്‍ 5 ന് ന്യൂഡല്‍ഹിയിലെത്തി കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തി. ജയ്ശങ്കര്‍ ബെയര്‍ബോക്ക് ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ജർമനിയും കുടിയേറ്റവും മൊബിലിറ്റിയും സംബന്ധിച്ച കരാറുകളില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ കുടിയേറ്റവും മൊബിലിറ്റിയും സംബന്ധിച്ച സമഗ്രമായ പങ്കാളിത്ത കരാറുകളിലാണ് ന്യൂഡല്‍ഹിയില്‍ തിങ്കളാഴ്ച ഒപ്പുവച്ചത്.

ഉഭയകക്ഷി സഹകരണം, പ്രത്യേകിച്ച് ഊര്‍ജം, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഇരു മന്ത്രിമാരും വിപുലമായ ചര്‍ച്ചകളും നടത്തി.
റഷ്യന്‍ ഉപരോധം, എണ്ണ വില പരിധി എന്നിവയില്‍ ഇന്ത്യയുടെ സാമ്പത്തിക പരിമിതികള്‍ ജര്‍മനി മനസ്സിലാക്കുന്നതായി ജർമന്‍ വിദേശകാര്യ മന്ത്രി ബെയര്‍ബോക്ക് പറഞ്ഞു.

ശക്തവും സുരക്ഷിതവുമായ ആഗോള സമ്പദ്‌വ്യവസ്ഥ ഉറപ്പാക്കുന്നതില്‍ ഇന്ത്യയ്ക്കും ജര്‍മനിക്കും പൊതുവായ താല്‍പര്യമുണ്ടെന്നു ചര്‍ച്ചയുടെ സമാപനത്തില്‍ മന്ത്രി ജയശങ്കര്‍ പറഞ്ഞു. കുടിയേറ്റം സംബന്ധിച്ച കരാര്‍ ചലനാത്മക പ്രശ്നങ്ങള്‍ അതായത് മൊബിലിറ്റി ലഘൂകരിക്കും. വീസ വെല്ലുവിളികളും (ഇന്ത്യക്കാര്‍ക്ക് ജര്‍മനിയിലേക്കുള്ള) പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ജർമന്‍ അധികാരികള്‍ ഇന്ത്യന്‍ മാതാപിതാക്കളില്‍ നിന്ന് എടുത്ത അരിഹ ഷാ എന്ന കുഞ്ഞിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യയും ജർമനിയും തമ്മിലുള്ള മൊബിലിറ്റി ഉടമ്പടി ഒപ്പുവെക്കുമ്പോള്‍, കൂടുതല്‍ സമകാലിക ഉഭയകക്ഷി പങ്കാളിത്തത്തിനുള്ള അടിത്തറയുടെ ശക്തമായ സൂചനയാണിതെന്ന് മന്ത്രി ജയ്ശങ്കര്‍ പറഞ്ഞു. ആളുകള്‍ക്ക് പരസ്പരം പഠിക്കാനും ഗവേഷണം ചെയ്യാനും ജോലി ചെയ്യാനും ഈ കരാര്‍ എളുപ്പമാക്കും. ഇന്ത്യയില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കും ഗവേഷകര്‍ക്കും ജർമനിയിലേക്കു പോകുന്നത് എളുപ്പമാക്കുകയും ജർമന്‍ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നത് എളുപ്പമാക്കുകയുമാണ് മൈഗ്രേഷന്‍ കരാറിന്റെ ലക്ഷ്യമെന്നു മന്ത്രി ബെയര്‍ബോക്ക് വ്യക്തമാക്കി.

ജി 20 ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്ത് നാലു ദിവസത്തിനു ശേഷമാണു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മന്ത്രി ബെയര്‍ബോക്ക് ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെത്തിയത്. ഇന്ത്യയെ ജർമനിയുടെ “സ്വാഭാവിക പങ്കാളി”യാണെന്നും 21~ാം നൂറ്റാണ്ടില്‍ അന്താരാഷ്ട്ര ക്രമം രൂപപ്പെടുത്തുന്നതില്‍ രാജ്യത്തിന് നിര്‍ണായക സ്വാധീനമുണ്ടാകുമെന്നും മന്ത്രി ബെയര്‍ബോക്ക് വിശേഷിപ്പിച്ചു.

ഇന്ത്യന്‍ ഗവണ്‍മെന്റ് ജി 20 യില്‍ മാത്രമല്ല, സ്വന്തം ആളുകള്‍ക്ക് വേണ്ടിയും അതിമോഹമായ ലക്ഷ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജം വിപുലീകരിക്കുമ്പോള്‍, ഊര്‍ജ പരിവര്‍ത്തനം മുമ്പത്തേക്കാള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. ജർമനി ഇന്ത്യയുടെ പക്ഷത്തുണ്ട്, ‘അവര്‍ പറഞ്ഞു.

കാരണം കാലാവസ്ഥാ പ്രതിസന്ധിയുടെ നാടകീയമായ പ്രത്യാഘാതങ്ങള്‍ നമ്മെയെല്ലാം ബാധിക്കുന്നു, യൂറോപ്പിലെയും ഇന്ത്യയിലെയും ഉപജീവനമാര്‍ഗങ്ങള്‍ നശിപ്പിക്കുന്നു. ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിനപ്പുറം ഇന്ത്യയുമായുള്ള സാമ്പത്തിക, കാലാവസ്ഥ, സുരക്ഷാ നയ സഹകരണം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നത് വെറും വാക്കുകളല്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയും ജർമനിയും തമ്മിലുള്ള ബന്ധം ഉയര്‍ച്ചയിലാണ്. കഴിഞ്ഞ മാസം ബാലിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചാന്‍സലര്‍ ഒലാഫ് ഷോള്‍സും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സാമ്പത്തിക ഇടപെടലും പ്രതിരോധ സഹകരണവും വിപുലീകരിക്കുന്നതിനുള്ള വഴികള്‍ ശ്രദ്ധേയമായി.

ആറാമത് ഇന്ത്യ-ജർമനി ഇന്റര്‍ ഗവണ്‍മെന്റ് കണ്‍സള്‍ട്ടേഷനായി (ഐജിസി) മെയ് മാസത്തില്‍ മോദി ബര്‍ലിന്‍ സന്ദര്‍ശിച്ചു. ചാന്‍സലര്‍ ഷോള്‍സിന്റെ ക്ഷണപ്രകാരം ജി 7 ഉച്ചകോടിക്കായി ജർമനിയിലെ ഷ്ലോസ് എല്‍മാവുവിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു അത്.

മൊബിലിറ്റി ഉടമ്പടി ഇന്ത്യയും ജർമനിയും തമ്മിലുള്ള മൊബിലിറ്റി ഉടമ്പടി ഒപ്പുവയ്ക്കുമ്പോള്‍, കൂടുതല്‍ സമകാലിക ഉഭയകക്ഷി പങ്കാളിത്തത്തിനുള്ള അടിത്തറയുടെ ശക്തമായ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് പരസ്പരം പഠിക്കാനും ഗവേഷണം ചെയ്യാനും ജോലി ചെയ്യാനും ഈ കരാര്‍ എളുപ്പമാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.