1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2023

സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബോളിന് ആതിഥ്യംവഹിക്കാനുള്ള അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്.) നീക്കത്തിനുപിന്നില്‍ ഫിഫയുടെ പുതിയ നിലപാട്. ലോകകപ്പുപോലെയുള്ള കായികമാമാങ്കങ്ങളുടെ ആതിഥ്യം ഒന്നിലധികം രാജ്യങ്ങള്‍ക്ക് നല്‍കുന്നത് ഫിഫ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ നയത്തിലാണ് ഇന്ത്യന്‍ ഫുട്ബോളും കണ്ണുവെക്കുന്നത്.

2034-ല്‍ സൗദി അറേബ്യ ആതിഥ്യംവഹിക്കുന്ന ലോകകപ്പിന്റെ കുറച്ചുമത്സരങ്ങളുടെ നടത്തിപ്പിനാണ് ശ്രമംനടക്കുന്നത്. ഇതുസംബന്ധിച്ച് ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് സൂചനനല്‍കി.

ഒന്നിലധികം രാജ്യങ്ങളില്‍ ലോകകപ്പ് നടത്തുന്നതില്‍ ഇപ്പോഴത്തെ ഫിഫ ഭരണസമിതിക്ക് അനുകൂലനിലപാടുണ്ട്. വരാനിരിക്കുന്ന രണ്ടു ലോകകപ്പുകള്‍ക്കും സംയുക്ത ആതിഥേയരാണ്. 2026-ലെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് നടക്കുന്നത്. 2030-ല്‍ മൊറോക്കോ, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ ആതിഥ്യംവഹിക്കും. കുറച്ചുപ്രദര്‍ശനമത്സരങ്ങള്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും നടക്കുന്നുണ്ട്.

ഫുട്ബോളിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്ക് സംയുക്ത ആതിഥേയര്‍ ആകാമെന്ന നിലപാടാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്കുള്ളത്. ഇന്ത്യയുടെ പ്രതീക്ഷയും ഇതിലാണ്. സൗദിക്ക് ലോകകപ്പ് വേദി അനുവദിച്ചുകൊണ്ട് ഇന്‍ഫാന്റിനോ നടത്തിയ പ്രസ്താവനയില്‍ അടുത്ത മൂന്ന് ലോകകപ്പുകള്‍ അഞ്ചു വന്‍കരകളിലെ പത്തു രാജ്യങ്ങളിലായിട്ടാണ് നടക്കുന്നതെന്നും ഇത് ഫുട്ബോള്‍ ഒരു ഗ്ലോബല്‍ കായികയിനമായതിന്റെ തെളിവാണെന്നും വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ സൗദിയുമായി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനും മികച്ചബന്ധമാണുള്ളത്.

ലോകകപ്പില്‍ ടീമുകളുടെ എണ്ണം 48 ആയി ഉയരുകയും മത്സരങ്ങള്‍ 104-ലേക്ക് ഉയരുകയും ചെയ്തതോടെ കുറച്ചുമത്സരങ്ങളില്‍ ആതിഥ്യംവഹിക്കാമെന്ന ഇന്ത്യയുടെ ആവശ്യത്തോട് സൗദിയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും ഫിഫയും അനുകൂലസമീപനം സ്വീകരിക്കുമെന്ന് എ.ഐ.എഫ്.എഫ്. കരുതുന്നു. ഇന്ത്യപോലെ വിശാലമായ ഫുട്ബോള്‍ വിപണിയുടെ പിന്തുണ നല്ലതാണെന്ന തിരിച്ചറിവും ഇതിനുപിന്നിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.