
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും അബുദാബിയിലെ അഡ് നോക് കെട്ടിടവും ത്രിവർണമണിഞ്ഞു. ഇന്ത്യയുടെ 74–ാമത് സ്വാതന്ത്ര്യദിനാഘോഷ രാത്രിയിൽ രാത്രി 8.45നാണ് ത്രിവർണ പതാക പ്രത്യക്ഷപ്പെട്ടത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിൻ്റെ ഉൗഷ്മളത പ്രകടിപ്പിക്കുന്നതായി. അപൂർവ കാഴ്ച കാണാൻ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരിയും ഒട്ടേറെ ഇന്ത്യക്കാരും സ്വദേശികളും ഇതര രാജ്യക്കാരും എത്തിയിരുന്നു.
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രസിഡൻ്റ് രാംനാഥ് കൊവിന്ദിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും പ്രസിഡൻ്റിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആശംസകൾ നേർന്നു.
മറീനയെ ത്രിവർണത്തിൽ മുക്കിയ സ്വാതന്ത്ര്യദിനാഘോഷം ആവേശകരമായി. ഇന്ത്യയുടെ ദേശീയ പതാകകളും ത്രിവർണ ബലൂണുകളും കൊണ്ട് അലങ്കരിച്ച യോട്ടുകളും ഇന്ത്യക്കാർക്ക് അഭിമാനക്കാഴ്ചയായപ്പോൾ സ്വദേശികൾക്കും മറ്റ് വിദേശികൾക്കും ആ കാഴ്ച കൗതുകകരമായി. ദേശീയ പതാകകളുമായി യോട്ടുകൾ നിരനിരയായി മറീനയിലൂടെ നീങ്ങിയപ്പോൾ അത് മൊബൈലിൽ ഒപ്പിയെടുക്കാൻ നിരവധിപേർ കരയിൽ മൽസരിച്ചു.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കൊവിന്ദിനെ സ്വാതന്ത്ര്യദിന ആശംസ അറിയിച്ചു. ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ഇന്ത്യന്‍ പ്രസിഡന്റിനെയും, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സ്വാതന്ത്ര്യദിന ആശംസ അറിയിച്ചു.
കുവൈത്ത് ഡെപ്യൂട്ടി അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
ആശംസാ സന്ദേശം കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയ്ക്കുവേണ്ടി ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദിന് ടെലഗ്രാം സന്ദേശത്തിലൂടെയാണ് കൈമാറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും, നയതന്ത്ര ബന്ധവും കൂടുതല്‍ ശക്തി പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല