1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയും ജപ്പാനും നിര്‍ണായക സിവില്‍ ആണവ കരാര്‍ ഒപ്പുവച്ചു, ഒപ്പം നിര്‍ണായക രംഗങ്ങളില്‍ കൈകോര്‍ക്കാനും ധാരണ. കരാര്‍ യാഥാര്‍ഥ്യമായതോടെ ഇന്ത്യയ്ക്ക് ആണവ സാങ്കേതികവിദ്യ കൈമാറാന്‍ ജപ്പാനാകും. അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ആണവനിലയങ്ങള്‍ തുറക്കാനും വഴിതുറക്കുന്നതാണ് കരാര്‍. സുരക്ഷാ, സാമ്പത്തിക, ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ആക്കം പകരുന്ന കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും ചേര്‍ന്നാണ് ഒപ്പുവച്ചത്.

ഇതാദ്യമാണ് ജപ്പാന്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഒരു രാജ്യവുമായി ആണവ കരാര്‍ ഒപ്പുവയ്ക്കുന്നത്. ഡിസംബറില്‍ ഷിന്‍സോ ആബേ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ വേളയില്‍ കരാര്‍ സംബന്ധിച്ച് ഏകദേശ ധാരണയായിരുന്നു. ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നാണ് കരാര്‍ വൈകിയത്. രണ്ടാം ലോകമഹായുദ്ധ വേളയില്‍ അണുബോംബ് ആക്രമണക്കെടുതി ഏറ്റവും അനുഭവിച്ച രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയുമായുള്ള കരാറിനെതിരേ ജപ്പാനില്‍ രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉയര്‍ന്നതും 2011 ലെ ഫുകുഷിമ ആണവറിയാക്ടര്‍ ദുരന്തവും കരാര്‍ വൈകലിനു കാരണമായി.

ജപ്പാനുമായുള്ള സൈനികേതര ആണവ കരാര്‍ യു.എസിലെ ആണ്‍വോര്‍ജ പ്ലാന്റ് നിര്‍മാതാക്കളായ വെസ്റ്റിങ് ഹൗസ് ഇലക്ട്രിക് കോര്‍പറേഷന്‍, ജി.ഇ. എനര്‍ജി തുടങ്ങിയവയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഈ രണ്ടു വന്‍കിട കമ്പനികള്‍ക്കും ജപ്പാനില്‍ വന്‍ നിക്ഷേപമാണുള്ളത്. അമേരിക്ക, റഷ്യ, ദക്ഷിണ കൊറിയ, മംഗോളിയ, ഫ്രാന്‍സ്, നാംബിയ, അര്‍ജന്റീന, കാനഡ, കസഖ്‌സ്ഥാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്കു സൈനികേതര ആണവ കരാര്‍ നിലവിലുണ്ട്.

നിര്‍ണായക ആണവകരാറിനു പുറമേ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഒന്‍പത് മറ്റു കരാറുകളിലും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. വ്യാപാരം, നിക്ഷേപം, സുരക്ഷ, ഭീകരവാദവിരുദ്ധ പോരാട്ടം, നൈപുണ്യവികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് മോഡിയും ആബെയും വിലയിരുത്തി. ത്രിദിന ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി മോഡി ജപ്പാന്‍ രാജാവ് അകിഹിതോയുമായും കൂടിക്കാഴ്ച നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.