
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കോവിഡ് കേസുകൾ ഇരട്ടിയായി വർധിച്ചു. തൊട്ടു മുമ്പത്തെ ദിവസം രാജ്യത്താകെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ന് 752 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് പേർ കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രണ്ട് പേർ കേരളത്തിലും മറ്റുള്ളവർ രാജസ്ഥാനിലും കർണാടകയിലുമാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിന് ശേഷമുള്ള കോവിഡ് കേസുകളിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3,420 ആയി കുതിച്ചുയർന്നു. ഇന്ന് 325 പേർ രോഗമുക്തി നേടി. ഇന്നലെ രാജ്യത്തെ ആകെ ആക്ടീവ് കേസുകൾ 2,997 മാത്രമായിരുന്നു.
കേരളത്തിൽ ഇന്നലെ 266 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 2,782 ആക്ടീവ് കോവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കർണാടക 175, തമിഴ്നാട് 117, മഹാരാഷ്ട്ര 68, ഗുജറാത്ത് 44, ഗോവ 24 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. രാജ്യത്ത് ഇതുവരെ 21 പേർക്ക് ജെഎൻ.1 കോവിഡ് ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല