1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2021

സ്വന്തം ലേഖകൻ: കുവൈറ്റിലേക്ക് ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്കുള്ള അനുമതി ഇതിനകം നിലവില്‍ വന്നു കഴിഞ്ഞതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 18ന് ചേര്‍ന്ന മന്ത്രി സഭാ യോഗം ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്ത അന്നു തന്നെ അനുമതി പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.

ഇന്ത്യയ്ക്കു പുറമെ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതുവരെ അത് പ്രായോഗിക തലത്തില്‍ നടപ്പിലായിട്ടില്ല. തീരുമാനം നടപ്പിലാക്കുമ്പോള്‍ കൈക്കൊള്ളേണ്ട് മുന്‍കരുതല്‍ നടപടികളെ കുറിച്ചും യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകളെ കുറിച്ചും കൊറോണ എമര്‍ജന്‍സികള്‍ക്കായുള്ള മന്ത്രിതല കമ്മിറ്റിയുടെ തീരുമാനങ്ങള്‍ പുറത്തുവരാത്തതാണ് ഇത് വൈകാന്‍ കാരണമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ കാത്തിരിക്കുകയാണ്. ഇവ ലഭിച്ചാല്‍ മാത്രമേ സര്‍വിസ് പുനരാരംഭിക്കാനുള്ള നിര്‍ദ്ദേശം വിമാന കമ്പനികള്‍ക്ക് നല്‍കാന്‍ ഡിജിസിഎക്ക് സാധിക്കുകയുള്ളൂ. പുതിയ തീരുമാനം നടപ്പില്‍ വരുന്നതോടെ ഉണ്ടാവുന്ന യാത്രക്കാരുടെ വര്‍ധനവ് കൈകാര്യം ചെയ്യാനുള്ള എല്ലാ മുന്നൊരുക്കങ്ങളും എയര്‍പോര്‍ട്ട് അധികൃതര്‍ നടത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല.

നിലവില്‍ പ്രതിദിനം 7500 പേര്‍ക്കാണ് വിമാനത്താവളത്തില്‍ പ്രവേശനാനുമതി ഉള്ളത്. ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൂടി വരുന്നതോടെ അത് പതിനായിരമോ പതിനയ്യായിരമോ ആയി വര്‍ധിപ്പിക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ.

അതിനിടെ, രാജ്യത്തേക്ക് വരുന്ന വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരുമായ യാത്രക്കാര്‍ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികളെ കുറിച്ച് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് കമ്മിറ്റിയുടെ തീരുമാനം എത്രയും വേഗം വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയില്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.