1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹികമേഖലയിൽ 343335 ഇന്ത്യക്കാർ ജോലി ചെയ്യുന്നതായി ഇന്ത്യൻ എംബസിയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്നായുള്ള മൊത്തം ഗാർഹിക തൊഴിലാളികളുടെ 47% ആണിത്. ഇന്ത്യക്കാരിൽ 71% പുരുഷന്മാരും 29% വനിതകളുമാണെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻ‌റ് ദുരുപയോഗം ചെയ്യുന്ന ഏജൻസികൾക്ക് എതിരെ ഇന്ത്യയിലും കുവൈത്തിലും നിയമ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിൽ ഇതിനു വ്യവസ്ഥയുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ധാരണാപത്രം സംബന്ധിച്ച് ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം വിശദീകരിച്ചു.

ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകൾ പ്രകാരം റിക്രൂട്ട്മെന്റിന് ചാർജ് ഈടാക്കാൻ പാടില്ല. റിക്രൂട്ട്മെന്റ് ഫീസ് എന്നപേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽ നിന്ന് വിഹിതം പിടിച്ചെടുക്കുന്ന രീതിയും ഇനി അനുവദിക്കില്ല. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ തൊഴിൽ കരാറുണ്ടാക്കണം. 2 സർക്കാരുകളുടെയും അംഗീകാരത്തോട് കൂടിയുള്ളതാകണം കരാർ.

തൊഴിലാളിയുടെ പേരിൽ തൊഴിലുടമ ബാങ്ക് അക്കൗണ്ട് ഉറപ്പാക്കി പ്രതിമാസം ശമ്പളം നിക്ഷേപിക്കണം. ഗാർഹിക തൊഴിലാളികളുടെ പരാതികൾ കേൾക്കാൻ കുവൈത്ത് അധികൃതർ 24മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനം ഉണ്ടാക്കും. ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടൂള്ള സംവിധാനത്തിന് പുറമെയാണ് അത്.

തൊഴിലാളിയുടെ പേരിൽ തൊഴിലുടമ ആരോഗ്യ ഇൻഷുറൻസ് എടുക്കണം. അപകടങ്ങളുണ്ടായാൽ നഷ്ടപരിഹാരം നൽകണം. തൊഴിലാളിയുടെ പാസ്പോർട്ട് തൊഴിലുടമ പിടിച്ചുവയ്ക്കരുത്. ഗാർഹിക തൊഴിലാളിക്ക് 100 ദിനാർ കുറഞ്ഞ കൂലി ഉറപ്പാക്കും.
റിക്രൂട്ട് ചെയ്ത് എത്തുന്നവരെ സ്വീകരിക്കാനും തൊഴിൽ ഒഴിവാക്കി പോകുന്നവരെ യാത്രയയക്കാനും വിമാനത്താവളത്തിൽ സംവിധാനം ഉണ്ടാക്കും.
·
പാചകക്കാർ, ശുചീകരണ തൊഴിലാളികൾ, തോട്ടക്കാർ, കുട്ടികളെയും വയോജനങ്ങളെയും രോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർ, ഡ്രൈവർമാർ എന്നിവരെയാണ് ഗാർഹിക തൊഴിലാളികൾ എന്ന വിഭാഗത്തിൽ പരിഗണിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.