
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവിസുകൾ അധികം വൈകാതെ ആരംഭിക്കുമെന്ന് കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി എൻജിനീയർ യൂസഫ് അൽ ഫൗസാൻ. വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല. വാക്സിൻ സർട്ടിഫിക്കറ്റിന് ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരം ലഭിച്ചാൽ കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും മറ്റൊരു രാജ്യത്ത് ക്വാറൻറീൻ ആവശ്യമില്ലെന്നും വ്യോമയാന വകുപ്പ് മേധാവി വ്യക്തമാക്കി.
കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവിസ് ഇല്ലെങ്കിലും മറ്റേതെങ്കിലും രാജ്യത്തിലൂടെ ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാം.
അധികം വൈകാതെ തന്നെ ഇന്ത്യക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് യാത്ര ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുമെന്നും യൂസഫ് അൽ ഫൗസാൻ പറഞ്ഞു. കുവൈത്തിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസത്തിന് വക നൽകുന്നതാണ് കുവൈത്ത് വ്യോമയാന വകുപ്പ് ഡയറക്ടർ യൂസഫ് അൽ ഫൗസാെൻറ വാക്കുകൾ.
യാത്രാ നിയന്ത്രണങ്ങളിൽപ്പെട്ടു നാട്ടിൽ കുടുങ്ങിക്കിടക്കുന്നത് 2,80,000 പ്രവാസികളാണെന്നാണ് എകദേശ കണക്ക്. ഇതിൽ കോവിഡിനു മുൻപ് അവധിക്കു പോയവരും വിവിധ സമയങ്ങളിലായി കോവിഡ് കാലത്ത് നാട്ടിൽ പോയവരും ഉൾപ്പെടുന്നു. നാട്ടിൽ കഴിയുന്നതിനിടെ ഇഖാമ പുതുക്കിയവരാണ് അധികവും.
അതേസമയം സ്പോൺസർമാർ വർക്ക് പെർമിറ്റ് പുതുക്കാത്തതിനാൽ രണ്ടര ലക്ഷത്തോളം പേരുടെ പെർമിറ്റ് റദ്ദാക്കിയിട്ടുമുണ്ട്. ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും കടുത്ത നിബന്ധനകളുള്ളതിനാൽ തിരിച്ചുവരവ് പ്രയാസമാകും. കുവൈത്ത് ഏർപ്പെടുത്തിയ നിബന്ധനകൾ പല രാജ്യങ്ങൾക്കും പാലിക്കാനായിട്ടില്ല.
വാക്സിനേഷൻ സർട്ടിഫിക്കറ്റിന് ബാർകോഡ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ഈ സംവിധാനം ഇല്ല. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സീൻ ഒഴിവാക്കിയ വിദേശികൾക്ക് പ്രവേശനം നൽകില്ലെന്ന് അധികൃതർ അറിയിച്ചു.
വിദേശികളുടെ 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വാക്സീൻ സ്വീകരിച്ച രക്ഷിതാക്കൾക്കൊപ്പം പ്രവേശിക്കാം. വിമാനയാത്രക്കാരുടെ എണ്ണം 5,000ൽ നിന്ന് 10,000 ആയി ഉയർത്താൻ അനുമതി കാത്തിരിക്കുകയാണെന്ന് വ്യോമയാന ഡയറക്ടറേറ്റ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല