1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2020

സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഭൂപടത്തിന് അംഗീകാരം നല്‍കിയ നേപ്പാള്‍ നടപടിക്കെതിരെ കടുത്ത പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ തിരസ്കരിച്ചുള്ള നേപ്പാളിന്‍റെ നടപടി സാധൂകരിക്കാവുന്നതല്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ചരിത്രത്തിലാദ്യമായി നേപ്പാളും ഇന്ത്യയും തമ്മില്‍ തുറന്ന അതിര്‍ത്തി തര്‍ക്കത്തിലേക്ക് നീങ്ങുകയാണ്.

ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മാത്രമല്ല, അതിര്‍ത്തി പ്രശ്നങ്ങൾ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ഉഭയകക്ഷി ധാരണക്കും വിരുദ്ധമാണ് നേപ്പാളിന്‍റെ നടപടി. ഇത് നീതീകരിക്കാനാവില്ലെന്നും വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയുടെ അധീനതയിലുള്ള ലിപുലേഖ്, കാലാപാനി, ലിംപിയാധുര പ്രദേശങ്ങളാണ് നേപ്പാള്‍ സ്വന്തം ഭൂപടത്തില്‍ ചേര്‍ത്തത്.

ദേശീയ ഭൂപടത്തിനും ചിഹ്നത്തിനും വ്യത്യാസം വരുത്താനുള്ള ഭരണഘടന ഭേദഗതിക്ക് നേപ്പാള്‍ പാര്‍ലമെന്‍റിന്‍റെ അധോസഭ അംഗീകാരം നല്‍കി. 275 അംഗ സഭയിലെ 258 അംഗങ്ങള്‍ പിന്തുണച്ചതോടെ ബില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പാസാകുകയായിരുന്നു. രാഷ്ട്രീയ ജനത പാര്‍ട്ടി നേപ്പാൾ, രാഷ്ട്രീയ പ്രജാപതി പാര്‍ട്ടി, നേപ്പാൾ കോൺഗ്രസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചതോടെ ഐക്യകണ്ഠേനയാണ് ഭേദഗതി പാസ്സായത്.

നേപ്പാളുമായുള്ള ബന്ധത്തെ വിഷയം ബാധിക്കുമെന്ന് ഇന്ത്യ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലിപുലേഖും കാലാപാനിയും അടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം കഴിഞ്ഞമാസം നേപ്പാള്‍ പുറത്തിറക്കിയപ്പോള്‍തന്നെ അതിര്‍ത്തി സംബന്ധിച്ച ഇത്തരം അവകാശവാദങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. നേപ്പാളിന്റെ ഏകപക്ഷീയമായ ഇത്തരം നീക്കങ്ങള്‍ ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ല എന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ധാരാച്ചുലയുമായി ലിപുലേഖ് ഇടനാഴിയെ ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് മേയ് എട്ടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇരുരാജ്യവും തമ്മില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നത്. റോഡ് നേപ്പാളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉന്നയിച്ചുള്ള പ്രതിഷേധം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര പ്രദേശങ്ങളുള്‍പ്പെടുത്തിയ മാപ്പ് നേപ്പാള്‍ പുറത്തുവിട്ടു.

ഇത് പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ഭൂപടം തിരുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയുമായി മുന്നോട്ടുപോകാന്‍ നേപ്പാള്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ-നേപ്പാള്‍- ചൈന അതിര്‍ത്തിയിലെ സംഗമ സ്ഥാനമാണ് കാലാപാനി ഏരിയ. 372 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കാലാപാനി ഏരിയ ഇന്ത്യയുടെ ഭാഗമായാണ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായി നേപ്പാളുമായി തുറന്ന അതിര്‍ത്തി തര്‍ക്കത്തിലേക്ക് ഇന്ത്യ നീങ്ങുകയാണ്. കഴിഞ്ഞ ദിവസം നേപ്പാൾ സുരക്ഷ സേന ബീഹാര്‍ അതിര്‍ത്തിയിൽ നടത്തിയ വെടിവെപ്പിൽ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.