1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2020

സ്വന്തം ലേഖകൻ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമിപൂജ നടത്തി തറക്കല്ലിട്ടു. 64,500 ചതുരശ്രമീറ്റര്‍ വീസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍, ശിലാസ്ഥാപന ചടങ്ങിനും കടലാസു ജോലികള്‍ക്കും തടസ്സമില്ല.

ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, കേന്ദ്രമന്ത്രിമാരായ മന്ത്രി അമിത് ഷാ, രാജ് നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്, വിവിധ വിദേശ പ്രതിനിധികള്‍ എന്നിവരും നിരവധി ആത്മീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടെ പുതിയതായി നിര്‍മിക്കുന്ന സെന്‍ട്രല്‍ വീസ്ത എന്ന പേരിട്ടിരിക്കുന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. 20,000 കോടിയുടേതാണ് പദ്ധതി.

ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വീസ്ത പദ്ധതി. രാഷ്ട്രപതിഭവന്‍ ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്-സൗത്ത് ബ്ലോക്കുകള്‍ എന്നിവ പൈതൃക കേന്ദ്രങ്ങളെന്ന നിലയില്‍ നിലനിര്‍ത്തും. പുതിയ പദ്ധതി പൂര്‍ത്തിയാകുമ്പോൾ വിജയ് ചൗക്ക് ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതി ഭവന്‍, ഉപരാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും.

64,500 സ്ക്വയർ മീറ്ററിൽ നാലു നിലകളിലായി ഉയരുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് 970 കോടി രൂപയാണ് ചെലവ് . ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2022-ൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം പ്രകീർത്തിച്ചുകൊണ്ടുളളതാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പ്രമേയം. പ്രാദേശികമായ കലാരൂപങ്ങളും കരകൗശല വസ്തുക്കളും ഇതിൽ സംയോജിപ്പിച്ചിട്ടുണ്ട്.

ആത്മനിർഭർ ഭാരത് എന്ന ദർശനത്തിന്റെ മാതൃകയായി പുതിയ പാർലമെന്റ് മന്ദിരം പണിതുയർത്തുന്നതിനായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുളള കരകൗശലവിദദ്ധരേയും ശില്പികളേയും നിയോഗിക്കും. മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ 2000 പേർ നേരിട്ടും 9000 പേർ നേരിട്ടല്ലാതെയും ഭാഗമാവും. പുതിയ മന്ദിരത്തിന്റെ സമീപത്തായി റിസപ്ഷൻ, ഇൻഫർമേഷൻ കൗണ്ടർ, കാത്തിരിപ്പുകേന്ദ്രം എന്നിവയടങ്ങുന്ന ബ്ലോക്കുകൾ ഉണ്ടായിരിക്കും. ഭിന്നശേഷിസൗഹൃദ നിർമാണമായിക്കും ഇവിടുത്തേത്. പ്രധാനകവാടത്തിന് പുറമേ തൃകോണാകൃതിയിലുളള ഘടനയ്ക്ക് ആചാരപരമായ ഒരു പ്രവേശന കവാടവും ലോക്സഭാ സ്പീക്കറിനും രാജ്യസഭാ ചെയർമാനുമായി പ്രത്യേക കവാടവും ഉണ്ടായിരിക്കും.

64,500 സ്ക്വയർ മീറ്ററിലുളള കെട്ടിടത്തിൽ 888 ലോക്സഭാ അംഗങ്ങൾക്കും 384 രാജ്യസഭാ അംഗങ്ങൾക്കുമുളള ഇരിപ്പിട സൗകര്യമാണ് ഒരുക്കുന്നത്. ഭാവിയിൽ അംഗങ്ങളുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന വർധനവ് കണക്കിലെടുത്താണ് ഇരിപ്പിട സൗകര്യം വർധിപ്പിച്ചിരിക്കുന്നത്.

നിലവിലെ പാർലമെന്റ് മന്ദിരത്തിലുളളതുപോലുളള സെൻട്രൽ ഹാൾ പുതിയ മന്ദിരത്തിന് ഉണ്ടായിരിക്കില്ല. പുതിയ മന്ദിരത്തിൽ വലിയ ഇന്ത്യയുടെ ജനാധിപത്യ പൈതൃകത്തെ പ്രദർശിപ്പിക്കുന്ന വലിയ കോൺസ്റ്റിറ്റ്യൂഷൻ ഹാൾ ഉണ്ടായിരിക്കും. പാർലമെന്റ് അംഗങ്ങൾക്കായി പ്രത്യേക ലോഞ്ച്, ലൈബ്രറി, നിരവധി സമ്മേളന മുറികൾ, ഡൈനിങ് ഏരിയകൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയുണ്ടായിരിക്കും.

സെൻട്രൽ വീസ്ത പദ്ധതിയുടെ ഭാഗമായി നിലവിലുളള പാർലമെന്റ് മന്ദിരത്തോട് ചേർന്നാണ് പുതിയ പാർലമെന്റ് മന്ദിരം ഉയരുന്നത്. നിലിവിലുളള പാർലമെന്റ് മന്ദിരം ബ്രിട്ടീഷ് ഭരണകാലത്തുളളതാണ്. എഡ്വിൻ ലുട്ട്യെൻസ് ആയിരുന്നു രൂപകല്പന. 1921 ഫെബ്രുവരിയിൽ ശിലാസ്ഥാപനം നടന്ന മന്ദിരം 1927-ൽ ഗവർണർ ജനറലായിരുന്ന ലോർഡ് ഇർവിനാണ് ഉദ്ഘാടനം ചെയ്തത്. 85 ലക്ഷം രൂപയായിരുന്നു നിർമാണ ചെലവ്, പണി പൂർത്തിയാകാൻ ആറുവർഷമെടുത്തു.

2022-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പുതിയ ഇന്ത്യയുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും ചേരുന്ന ഒന്നായിരിക്കും പുതിയ പാർലമെന്റ് മന്ദിരമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പുതിയ പാർലമെന്റ് മന്ദിരത്തെ വിശേഷിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.