1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2022

സ്വന്തം ലേഖകൻ: സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയില്‍ സ്വന്തമായി പാസ്‌പോര്‍ട്ടുള്ളത് ജനസംഖ്യയുടെ 7.2 ശതമാനം പേര്‍ക്ക് മാത്രം. ഡിസംബര്‍ വരെയുള്ള കണക്ക് പുറത്തുവരുമ്പോള്‍ 9.6 കോടി ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് പാസ്‌പോര്‍ട്ടുള്ളത്. ഇത് ഏതാനും മാസങ്ങള്‍ കൊണ്ട് പത്ത് കോടിയിലേക്ക് എത്തും.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2.2 കോടിയിലധികം അല്ലെങ്കില്‍ ഏകദേശം നാലിലൊന്ന് (23%) പാസ്പോര്‍ട്ടുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് വിതരണം ചെയ്തത്. തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക എന്നിവയാണ് മറ്റ് വലിയ സംസ്ഥാനങ്ങള്‍. അടുത്തിടെ വരെ പാസ്പോര്‍ട്ട് വിതരണ നയം വളരെ കര്‍ക്കശമായിരുന്നു എന്നതും ശ്രദ്ധേയമാണ്, വിദേശത്തേക്ക് പോകാനുള്ള ആഗ്രഹവും അതിനുള്ള സൗകര്യവുമുള്ള ഇന്ത്യക്കാരുടെ എണ്ണവും സമീപകാലത്ത് വര്‍ദ്ധിച്ചിരുന്നു.

അതേസമയം, പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി, കേന്ദ്രം രാജ്യത്തുടനീളമുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തിരുന്നു. 2022ലെ കണക്ക് പ്രകാരം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ എണ്ണത്തില്‍ 340 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വര്‍ദ്ധിച്ചുവരുന്ന പ്രതിശീര്‍ഷ വരുമാനം, അയവുവരുത്തിയ മാനദണ്ഡങ്ങള്‍, വിദേശത്ത് വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചതോടെ പാസ്പോര്‍ട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ഈ വര്‍ഷം ഡിസംബര്‍ 12 വരെ, വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ നല്‍കിയ 10.5% ഉള്‍പ്പെടെ 1.1 കോടിയിലധികം പാസ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇത് 2021-ല്‍ ഇഷ്യൂ ചെയ്ത പാസ്പോര്‍ട്ടുകളുടെ എണ്ണത്തേക്കാള്‍ 36% കൂടുതലാണ്. കേരളത്തിലും മഹാരാഷ്ട്രയിലും മാത്രം ഒരു കോടിയിലധികം പാസ്പോര്‍ട്ട് ഉടമകള്‍ ഉള്ളപ്പോള്‍, തമിഴ്നാട് 97 ലക്ഷത്തിന് അടുത്താണ്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തേക്കാള്‍ വളരെ ഉയര്‍ന്ന ജനസംഖ്യയാണ് തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഉള്ളത് എന്നത് മറ്റൊരു പ്രത്യേകതയാണ്.

പഞ്ചാബില്‍ 77 ലക്ഷത്തിലധികം പാസ്പോര്‍ട്ട് ഉടമകളുണ്ട്, ഗുജറാത്തില്‍ 67.6 ലക്ഷവും കര്‍ണാടകയില്‍ 66.3 ലക്ഷവുമാണുള്ളത്. അതേസമയം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഏറ്റവും കുറവ് പാസ്പോര്‍ട്ട് ഉടമകളുള്ളത്. വെറും 4,316 പേര്‍ക്ക് മാത്രമാണ് ആന്‍ഡമാനില്‍ പാസ്‌പോര്‍ട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.