1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2024

സ്വന്തം ലേഖകൻ: തെക്കന്‍ അമേരിക്കന്‍ രാജ്യമായ സുരിനാമിലെ ഇന്ത്യന്‍ വംശജര്‍ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് നല്‍കിയതിന് ശേഷം അതേ പദ്ധതി ഫിജി ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. 2023ല്‍ ആയിരുന്നു സുരിനാമിലെ ഇന്ത്യന്‍ വംശജര്‍ക്കായി ഒ സി ഐ കാര്‍ഡിനുള്ള നിബന്ധനകളില്‍ ഇളവുകള്‍ വരുത്തുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്.

സുരിനാമില്‍ കുടിയേറിയ ഇന്ത്യന്‍ വംശജരുടെ നാല് തലമുറകള്‍ക്ക് വരെയായിരുന്നു ഇതുവരെ ഒ സി ഐ കാര്‍ഡ് നല്‍കിയിരുന്നതെങ്കില്‍ അത് ആറ് തലമുറവരെ നീട്ടിയിരിക്കുകയാണ് ഇപ്പോള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ വംശജരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ധാരാളം ഇന്ത്യന്‍ വംശജര്‍ ഉള്ള ഫിജി പോലെയുള്ള രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍, ഇത് സംബന്ധിച്ച് ഇന്ത്യ വിദേശകാര്യ മന്ത്രാലയമോ ആഭ്യന്തര മന്ത്രാലയമോ വ്യക്തത വരുത്തിയിട്ടില്ല. ഒ സി ഐ കാര്‍ഡ് ഉള്ളവര്‍ക്ക് നിരവധി പ്രയോജനങ്ങള്‍ ലഭ്യമാണ്. വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്കാണ് ഒ സി ഐ കാര്‍ഡ് നല്‍കുന്നത്. കാര്‍ഡ് ഉടമകള്‍ക്ക് ഒന്നിലധികം തവണ ഇന്ത്യയില്‍ വന്ന് പോകാന്‍ സാധിക്കും. മാത്രമല്ല, വിവിധോദ്ദേശ്യങ്ങള്‍ക്കായുള്ള ആജീവനാന്ത വീസയും ലഭിക്കും. അതുപോലെ, രാജ്യത്ത് താമസിക്കുവാന്‍ ഇവര്‍ക്ക് പോലീസില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

അതിനു പുറമെ ചില നിശ്ചിത കാര്യങ്ങളില്‍ ഇവര്‍ക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്കും, പ്രവാസി ഇന്ത്യാക്കാര്‍ക്കും തുല്യമായ പരിഗണനയും ലഭിക്കും. എന്നാല്‍, ഒ സി ഐ കാര്‍ഡ് വോട്ടവകാശമോ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അര്‍ഹതയോ നല്‍കുന്നില്ല. ഇരട്ടപൗരത്വമല്ല ഒ സി ഐ കാര്‍ഡ് കൊണ്ട് വ്യക്തമാക്കുന്നത് എന്നര്‍ത്ഥം. 2005 ല്‍ ആയിരുന്നു ഇത് ആരംഭിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ച് വരെ 35 ലക്ഷം ഒ സി ഐ കാര്‍ഡുകളാണ് വിതരണം ചെയ്തിരിക്കുന്നത്. അതില്‍ അധികവുംനല്‍കിയിരിക്കുന്നത് അമേരിക്ക, ബ്രിട്ടന്‍, ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്കാണ്. 2022 ആയപ്പോഴേക്കും മൊത്തം ഒ സി ഐ കാര്‍ഡുകളുടെ എണ്ണം 40 ലക്ഷം കവിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു.

ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പിന്‍തലമുറക്കാരായി വലിയൊരു സംഖ്യ ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന രാജ്യമാണ് സുരിനാം. 2023- ല്‍ സുരിനാം സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ആയിരുന്നു സുരിനാമിലെ ഇന്ത്യന്‍ വംശജര്‍ക്ക് ഒ സി ഐ കാര്‍ഡ് നിബന്ധനകളില്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കുടിയേറ്റക്കാരുടെ നാല് തലമുറയില്‍ പെട്ടവര്‍ക്ക് വരെ നല്‍കിയിരുന്ന കാര്‍ഡുകള്‍ ആറ് തലമുറവരെ ആക്കുമെന്നും രാഷ്ട്രപതി പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.