1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2021

സ്വന്തം ലേഖകൻ: മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കൾക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നുമാസത്തേക്കാണ് ഇവയ്ക്ക് കസ്റ്റംസ് തീരുവയും സെസ്സും ഒഴിവാക്കുക. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും.

ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്‌സിനുകള്‍ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നുമാസത്തേക്കാണ് ഇവയ്ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീപരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഓക്‌സിജന്റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചികിത്സാ സാമഗ്രികളുടെ കസ്റ്റംസ് ക്ലിയറന്‍സ് തടസ്സമില്ലാതെയും വേഗത്തിലും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നേരിടുന്നതിനിടെ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി റഷ്യയും സിംഗപുരും ചൈനയും. ഓക്‌സിജനും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റംഡെസിവിറും നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ഇവയുടെ ഇറക്കുമതി ആരംഭിക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ആഴ്ചയില്‍ നാലു ലക്ഷം വരെ റംഡെസിവിര്‍ ഡോസ്‌ നല്‍കാമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്. കപ്പല്‍ വഴി റഷ്യയില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. പ്രതിദിനം മൂന്നുലക്ഷത്തിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ പല ആശുപത്രികളിലും ഓക്‌സിജനും മരുന്നും ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നിലനില്‍ക്കുമ്പോഴാണ് സഹായ വാഗ്ദാനം.

അതിരൂക്ഷമായ കോവിഡ് രോഗവ്യാപനം നേരിടുന്ന ഡല്‍ഹിയില്‍ ചികിത്സയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ നിരവധി രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചതായും 60ഓളം രോഗികള്‍ ഗുരുതര നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ, രാജ്യത്ത് ഓക്‌സിജന്‍ നീക്കത്തിന് വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വ്യോമസേനയുടെ സി 17, ഐഎല്‍ 17 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഒഴിഞ്ഞ സിലിണ്ടറുകള്‍ വ്യോമസേനാ വിമാനങ്ങളില്‍ കൊണ്ടുപോകും. ഓക്‌സിജന്‍ നിറച്ച ശേഷം റോഡ് മാര്‍ഗം തിരികെ കൊണ്ടുവരും. ജര്‍മനിയില്‍നിന്ന് മൊബൈല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. 23 മൊബൈല്‍ പ്ലാന്റുകള്‍ കൊണ്ടുവരാനാണ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.