1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2019

സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് അതിര്‍ത്തി സംഘര്‍ഷഭരിതം; യുദ്ധഭീതിയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍; പാകിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി; സ്‌കൂളുകള്‍ക്ക് അവധി; സംയമനം പാലിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേയും പാകിസ്താനിലേയും സംഘര്‍ഷ മേഖലകള്‍ ഉള്‍പ്പെടുന്ന വ്യോമപാതയിലെ എല്ലാ അന്താരാഷ്ട്ര,ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു.

ഈ മേഖലകളിലെ വ്യോമപാത ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയോ വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും സംഘര്‍ഷ മേഖലകളിലേയും സമീപ പ്രദേശങ്ങളിലേയും വിമാനത്താവളങ്ങള്‍ അടച്ചിരുന്നു. ജമ്മു, ലേ, ശ്രീനഗര്‍. അമൃത്സര്‍, ചണ്ഡിഗഡ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചത്. ഇവ പിന്നീട് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് വിമാനത്താവളങ്ങളാണ് പാകിസ്താന്‍ അടച്ചത്. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ യുദ്ധഭീതിയിലാണ്. പുല്‍വാമ ആക്രമണത്തിനുശേഷം ജമ്മുകശ്മീരില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കായിരുന്നു.

കഴിഞ്ഞ ദിവസം വിലക്ക് നീക്കിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയെ പാകിസ്താനുള്ള ഇന്ത്യയുടെ തിരിച്ചടിയാണ് വിഷയം. സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് മിക്കതും. യുദ്ധം ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കുക, മരുന്ന്, കുട്ടികള്‍ക്കുള്ള ഭക്ഷണം തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ കരുതുക, പണം കരുതുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

അതിര്‍ത്തിയില്‍ ഇന്ത്യപാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സംയമനം പാലിക്കണമെന്ന ആവശ്യവുമായി വീണ്ടും അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്നും സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും പെന്റഗണ്‍ അറിയിച്ചു.

കൂടുതല്‍ സൈനിക നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമം നടത്തണമെന്നും യുഎസ് ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷാന്‍ഹാന്‍ പറഞ്ഞു. ഇതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയും രംഗത്തെത്തി.

സൈനിക നടപടികള്‍ നിര്‍ത്തവയ്ക്കണമെന്നും സംയമനം പാലിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ കഴിഞ്ഞ ദിവസം പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും പോംപിയോ ആവശ്യപ്പെട്ടു.

ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. പ്രകോപനം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ബ്രിട്ടീഷ് പൗരന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലയിലെ സ്ഥിതിഗതികള്‍ സൂഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ അവരുടെ വ്യോമമേഖല അടച്ചതോടെ എയര്‍ കാനഡ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസാണ് റദ്ദാക്കിയത്. ഡല്‍ഹിയിലേക്കുള്ള മറ്റൊരു വിമാനം ടോറോണ്ടോയിലേക്ക് വഴിതിരിച്ചുവിട്ടു. ടോറോണ്ടോയില്‍നിന്നും വാന്‍കൂവറില്‍നിന്നും ഡല്‍ഹിക്ക് ദിനേനയുള്ള സര്‍വീസുകളും ആഴ്ചയില്‍ നാലു ദിവസമുള്ള ടോറോണ്ടോമുംബൈ സര്‍വീസുമാണ് താല്‍ക്കാലികമായി നിര്‍ത്തിലാക്കിയിരിക്കുന്നതെന്ന് എയര്‍ കാനഡ വക്താവ് ഇസബല്ലെ ആര്‍ഥര്‍ അറിയിച്ചു.

പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും, ബജറ്റ് വിമാന കമ്പനിയായ സലാം എയറും താത്കാലികമായി നിര്‍ത്തി. പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ പുനസ്ഥാപിക്കില്ലെന്നും വിമാനക്കന്പനികള്‍ അറിയിച്ചു. യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേയ്ക്കുള്ള ചില വിമാനങ്ങളും റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.