1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2022

സ്വന്തം ലേഖകൻ: തന്നെക്കുറിച്ച് ശേഖരിച്ച ഡേറ്റ നശിപ്പിച്ചു കളയാന്‍ പറയാനുള്ള അവകാശം അടക്കം നല്‍കി ചരിത്രത്തിലാദ്യമായി രാജ്യത്തെ ഒരു പൗരന് അയാളുടെ ഡേറ്റയുടെ മേല്‍ അവകാശം സ്ഥാപിക്കാനുള്ള അവസരമായിരിക്കാം ഇനി ഒരുങ്ങുക. ഇതടക്കം പുതിയ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ഡേറ്റാ സംരക്ഷണ ബില്‍ 2022നെ കുറിച്ചുള്ള വിവരങ്ങള്‍ ഐടി മന്ത്രാലയം പുറത്തുവിട്ടു.

ഇനി ഇതിന്മേലുള്ള ചര്‍ച്ചകളായിരിക്കും നടക്കുക. ഇക്കാര്യത്തില്‍ ആർക്കും അഭിപ്രായം പറയാനുള്ള അവകാശവും സർക്കാർ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ‘ഡിജിറ്റല്‍ നാഗരികര്‍ക്ക്’ അല്ലെങ്കില്‍ പൗരന്മാര്‍ക്കുള്ള അവകാശങ്ങളും ഇപ്പോള്‍ പുറത്തുവിട്ട രേഖയില്‍ വ്യക്തമായി വിവരിച്ചിട്ടിട്ടുണ്ട്.

ഒരാളുടെ ഇന്റര്‍നെറ്റ് ജീവിതത്തെപ്പറ്റി വിവിധ കമ്പനികളും മറ്റും ശേഖരിക്കുന്ന വിവരങ്ങള്‍ അതീവ പ്രാധാന്യമുള്ളവയാണ്. മരിച്ച നമ്മുടെ പൂര്‍വികരുടെ ഓര്‍മയ്ക്കായി സ്മാരകങ്ങളും മറ്റുമാണ് ഉള്ളതെങ്കില്‍, ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടുള്ളവര്‍ മരിക്കുമ്പോള്‍ അവരെക്കുറിച്ച് ഇന്റര്‍നെറ്റ് കമ്പനികളും മറ്റും ശേഖരിച്ചിരിക്കുന്ന ഡേറ്റ ആയിരിക്കാം നിലനില്‍ക്കുക.

ഇതാകട്ടെ ഒരാളുടെ ഭാവി തലമുറകള്‍ക്കു വരെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. പലപ്പോഴും ഒരാള്‍ക്ക് സ്വയം അറിയാവുന്നതിനേക്കാള്‍ കാര്യങ്ങള്‍ അയാളുടെ ഡേറ്റാ സംസ്‌കരിക്കുന്നതു വഴി കമ്പനികളുടെയും മറ്റും കൈകളിലെത്തുകയും ചെയ്യുന്നു.

ഇങ്ങനെ വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പിഴവുപറ്റിയാൽ ബന്ധപ്പെട്ടവരിൽനിന്ന് ഓരോ സംഭവത്തിനും 500 കോടി രൂപവരെ പിഴയീടാക്കാനാണ് വ്യവസ്ഥ. വെള്ളിയാഴ്ച പുറത്തിറക്കിയ ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബില്ലിന്റെ കരടിലാണ് ഇതുൾപ്പെടെ പ്രധാന വ്യവസ്ഥകളുള്ളത്. കഴിഞ്ഞവർഷം പാർലമെന്റിൽ അവതരിപ്പിച്ച് പിൻവലിച്ച വിവര സംരക്ഷണബില്ലിന്റെ പുതുക്കിയ പതിപ്പാണ് പുറത്തിറക്കിയത്.

ഡിസംബർ 17 വരെ ബില്ലിൽ അഭിപ്രായവും നിർദേശങ്ങളുമറിയിക്കാം. പിൻവലിച്ച പഴയബിൽ പ്രകാരം വിവരം സംരക്ഷിച്ചില്ലെങ്കിൽ പരമാവധി 15 കോടി രൂപയായിരുന്നു പിഴ. വിവരം ചോരാൻ ഉത്തരവാദികളായ കമ്പനിയുടെ വാർഷിക വിറ്റുവരവിന്റെ നാലുശതമാനമോ 15 കോടിയോ ഏതാണ് വലുത് അത്രയുമായിരുന്നു പിഴ. പുതുക്കിയ ബിൽ പ്രകാരം ഉത്തരവാദികളായവരുടെ വിശദീകരണം തേടിയശേഷം കുറ്റക്കാരെന്നുകണ്ടാൽ 500 കോടി വരെ പിഴചുമത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.