1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിലെ ജനസംഖ്യ സംബന്ധിച്ച് ആശാവഹമായ കണ്ടെത്തലുകളുമായി നാഷണൽ ഫാമിലി ആൻ്റ് ഹെൽത്ത് സർവേ ഫലം. രാജ്യത്ത് ചരിത്രത്തിലാദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തെക്കാള്‍ മുകളിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യയിൽ 1000 പുരുഷന്മാ‍ര്‍ക്ക് 1020 സ്ത്രീകൾ എന്ന തോതിലാണ് ജനസംഖ്യാനുപാതമെന്നാണ് റിപ്പോര്‍ട്ട്.

വരും വ‍ര്‍ഷങ്ങളിൽ ഇന്ത്യയിൽ വലിയ ജനസംഖ്യാ വിസ്ഫോടനമുണ്ടാകുമെന്നു രാജ്യത്തിൻ്റെ വള‍ര്‍ച്ചയെ ഇത് പിന്നോട്ടടിക്കുമുന്നുമുള്ള ആശങ്കകൾക്കിടെയാണ് ആശ്വാസജനകമായ വാര്‍ത്തകൾ പുറത്തു വരുന്നത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് റിപ്പോര്‍ട്ടുകളിലുള്ളത്. ഇന്ത്യയിൽ ജനനനിരക്ക് കുറയുകയും ശരാശരി പ്രായത്തിൽ വര്‍ധനവുണ്ടാകുകയും ചെയ്തത് ഇന്ത്യൻ ജനസംഖ്യ സ്ഥിരപ്പെടാനുള്ള സാധ്യതയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

കൂടാതെ സ്ത്രീകളുടെ എണ്ണത്തിലുള്ള വര്‍ധനവും രാജ്യത്തെ സാമൂഹ്യാവസ്ഥയിലുള്ള പുരോഗമനമാണ് സൂചിപ്പിക്കുന്നത്. നവംബര്‍ 24നാണ് ദേശീയ ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുറത്തു വിട്ടത്. അതേസമയം, സര്‍വേ ഫലങ്ങളിലുള്ള കൃത്യത എത്രത്തോളമുണ്ടെന്ന് അടുത്ത സെൻസസോടെ മാത്രമേ വ്യക്തമാകൂ. ഏറ്റവും ഒടുവിലുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ 1000 പുരുഷന്മാര്‍ക്ക് 927 സ്ത്രീകൾ എന്നതായിരുന്നു സ്ത്രീപുരുഷാനുപാതം.

1990ൽ അമര്‍ത്യാ സെൻ എഴുതിയ ഒരു ലേഖനത്തിൽ ഈ പ്രതിഭാസത്തെ ഇന്ത്യയിലെ കാണാതായ സ്ത്രീകൾ എന്നായിരുന്നു ിശേഷിപ്പിച്ചത്. എന്നാൽ രാജ്യത്തെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ മെച്ചപ്പെടുകയും പെൺഭ്രൂണഹത്യ കുത്തനെ ഇടിയുകയും ചെയ്തതോടെ 2005-06ലെ സര്‍വേയിൽ 1000 പുരുഷന്മാര്‍ക്ക് ആയിരം സ്ത്രീകൾ എന്ന നിലയിൽ ഈ അനുപാതം മെച്ചപ്പെട്ടതായി ഫലം പുറത്തു വന്നിരുന്നു.

എന്നാൽ പത്ത് വര്‍ഷത്തിനു ശേഷം ഇത് വീണ്ടും 991 സ്ത്രീകൾ എന്ന അവസ്ഥയിലേയ്ക്ക് തിരിച്ചെത്തി. ഇപ്പോൾ പുറത്തു വന്ന സ‍ര്‍വേ ഫലം അനുസരിച്ച് ഇന്ത്യയിൽ ആയിരം പുരുഷന്മാര്‍ക്ക് 1020 എന്നതാണ് ജനസംഖ്യാനുപാതം. സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനു മുന്നിലെത്തുന്നത് ഇന്ത്യൻ ചരിത്രത്തിലാദ്യമാണ്. ഇത് രാജ്യത്തെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായം സംബന്ധിച്ചും കൗതുകകരമായ കാര്യങ്ങള്‍ സര്‍വേഫലത്തലുണ്ട്. 2005-06 കാലത്ത് രാജ്യത്ത് 15 വയസിൽ താഴെയുള്ള കുട്ടികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 34.9 ശതമാനമായിരുന്നു. എന്നാൽ 2019-21 കാലത്ത് ഇത് 26.5 ശതമാനമായി ചുരുങ്ങി. ജനനനിരക്കിലുള്ള കുറവ് മൂലമാണ് ഈ മാറ്റം. എന്നാൽ ഇന്ത്യ ചെറുപ്പക്കാരുടെ രാജ്യമായി തുടരുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. 2011ലെ കണക്കനുസരിച്ച് 24 വയസായിരുന്നു രാജ്യത്തെ ശരാശരി പ്രായം. നയങ്ങളിലുണ്ടാകുന്ന മാറ്റം മൂലം ഈ പ്രായം ഇപ്പോൾ ഉയര്‍ന്നിട്ടുണ്ടാകുമെന്നാണ് സര്‍വേ ഫലത്തിലെ സൂചന.

അതേസമയം, രാജ്യത്തെ സ്ത്രീകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യനയങ്ങളിലും മാറ്റം വേണമെന്ന് വിദഗ്ധര്‍ പറയുന്നു. നിലവിൽ സ്ത്രീകളുടെ പ്രത്യുത്പാദനം കേന്ദ്രീകരിച്ചാണ് സര്‍ക്കാര്‍ ആരോഗ്യപരിപാടികള്‍ നിശ്ചയിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഭാവിയിൽ പ്രായമായ സ്ത്രീകളുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്ന സാഹചര്യത്തിൽ ഇവര്‍ക്കു ഗുണം ചെയ്യുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് സെൻ്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് പ്രസിഡൻ്റ് യാമിനി അയ്യരുടെ നിര്‍ദേശം.

മുൻകാലങ്ങളെ അപേക്ഷിച്ച് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്ത്രീകളുടെ എണ്ണം 2019-21 കാലത്ത് കൂടിയിട്ടുണ്ടെന്നും എന്നാൽ തൊഴിലിടങ്ങളിൽ എത്തുന്ന സ്ത്രീകളുടെ എണ്ണം ഇതിനനുസരിച്ച് ഉയര്‍ന്നിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് പഠനവിധേയമാക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. നിലവിൽ ഒരു ഇന്ത്യൻ സ്ത്രീയ്ക്ക് ശരാശരി രണ്ട് കുട്ടികള്‍ ഉണ്ടാകുന്നു എന്നാണ് സര്‍വേ ഫലത്തിൽ പറയുന്നത്.

ഒരു രാജ്യത്ത് നിലവിലുള്ള ജനസംഖ്യ അതേപടി വരും വര്‍ഷങ്ങളിലും നിലനിൽക്കാൻ 2.1 ജനനനിരക്ക് വേണമെന്നാണ് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട കണക്ക്. എന്നാൽ ഇന്ത്യ ഇതിലും താഴെയാണ്. ഇന്ത്യൻ ജനസംഖ്യ അതിൻ്റെ മൂര്‍ധന്യാവസ്ഥയിലെത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് എല്ലാ സംസ്ഥാനങ്ങളിലും യഥാര്‍ഥ കണക്കുകളുമായി ഒത്തുപോകുന്നതാണോ എന്നറിയാൻ സെൻസസ് വരെ കാത്തിരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.