
സ്വന്തം ലേഖകൻ: ഇന്ത്യ – ഖത്തർ എയർ ബബ്ൾ കരാർ പുതുക്കിയതായി എംബസി. ആഗസ്റ്റ് 31ന് അവസാനിച്ച നിലവിലെ കരാർ, സെപ്റ്റംബർ 30 വരെ വീണ്ടും പുതുക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാന യാത്രകൾക്കെല്ലാം വിലക്കേർപ്പെടുത്തിയപ്പോൾ പ്രത്യേക എയർബബ്ൾ കരാറിൻെറ അടിസ്ഥാനത്തിലാണ് വിമാനങ്ങൾ സർവിസ് നടത്തുന്നത്്.
ജൂൺ 30ന് അവസാനിച്ച എയർബബ്ൾ കരാർ പുതുക്കുന്നതിൽ കാലതാമസം നേരിട്ടതോടെ, ജൂലൈ ഒന്നിന് ഇന്ത്യക്കും ഖത്തറിനുമിടയിലെ യാത്രയിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. വൈകീട്ടോടെയാണ് വിമാനയാത്രകൾ പുനഃസ്ഥാപിച്ചത്. തുടർന്ന് സമയബന്ധിതമായിതന്നെ എയർബബ്ൾ പുതുക്കിയതോടെ, വിമാന സർവിസുകൾ മുടങ്ങാതെതന്നെ തുടർന്നു.
കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇന്ത്യൻ വ്യോമയാന വകുപ്പിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ രാജ്യാന്തര വിമാന സർവിസുകളെല്ലാം നിർത്തിവെച്ചത്. നിലവിൽ അതതു രാജ്യങ്ങളുമായുള്ള പ്രത്യേക കരാറിൻെറ അടിസ്ഥാനത്തിലാണ് സർവിസുകൾ തുടരുന്നത്. ഖത്തർ എയർവേസ്, എയർ ഇന്ത്യ, ഇൻഡിഗോ, ഗോ ഫസ്റ്റ്, വിസ്താര എയർലൈൻസുകളാണ് എയർബബ്ൾ കരാറിൻെറ അടിസ്ഥാനത്തിൽ നിലവിൽ ഇന്ത്യയിലേക്ക് സർവിസ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല