
സ്വന്തം ലേഖകൻ: എയർ ബബിൾ വിമാന സർവീസുകൾ സജീവമായതോടെ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി കാത്തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം. ഈ മാസം 18 മുതലാണ് ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പ്രാബല്യത്തിലായത്. 31 വരെയുള്ള കരാർ ഒക്‌ടോബർ 31 വരെ അല്ലെങ്കിൽ സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നത് വരെ കഴിഞ്ഞ ദിവസമാണ് നീട്ടിയത്. അതിനിടെ ഇന്ത്യയിലേക്കുള്ള വന്ദേഭാരത് ഖത്തർ 6-ാം ഘട്ടം സെപ്റ്റംബർ 1 മുതലും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു.
5-ാം ഘട്ടം വരെ 191 വിമാനങ്ങളിലായി ഖത്തറിൽ നിന്ന് 550 കുട്ടികൾ ഉൾപ്പെടെ 33746 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. അതേസമയം വിമാന സർവീസ് സുഗമമെങ്കിലും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷനൽ റീ എൻട്രി പെർമിറ്റ് ലഭിക്കുന്ന ഖത്തർ ഐഡിയുള്ള പ്രവാസികൾക്ക് മാത്രമേ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് മടങ്ങി എത്താൻ കഴിയുകയുള്ളു. ദോഹയിൽ 7 ദിവസം സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റീനും നിർബന്ധമാണ്. എൻട്രി പെർമിറ്റും ഹോട്ടൽ ബുക്കിങ് രേഖയും ഉണ്ടെങ്കിൽ മാത്രമേ വിമാന ടിക്കറ്റ് എടുക്കാൻ കഴിയുകയുള്ളു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ മടങ്ങി വരവ് ആരംഭിച്ചതോടെ ക്വാറന്റീനിൽ കഴിയാനുള്ള ഹോട്ടൽ മുറി ലഭ്യതയും കുറഞ്ഞു തുടങ്ങി.
അതുകൊണ്ട് തന്നെ പെർമിറ്റ് ലഭിച്ചാലും ഹോട്ടൽ ബുക്കിങ് ലഭിക്കുന്നത് അനുസരിച്ച് മാത്രമേ മടങ്ങി വരാൻ കഴിയുകയുള്ളു. നേരത്തെ ഇന്ത്യയിൽ നിന്നെത്തിയവരുടെ 7 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ പൂർത്തിയാക്കി പലരും വീടുകളിലേക്ക് മടങ്ങി തുടങ്ങി. വീട്ടിലും 7 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമേ സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളു. വിദഗ്ധ, അവിദഗ്ധ മേഖലയിലുള്ളവരുടെ ഹോട്ടൽ ക്വാറന്റീൻ ചെലവ് തൊഴിലുടമകളാണ് വഹിക്കേണ്ടത്. കുടുംബങ്ങൾ സ്വന്തം ചെലവിലും കഴിയണം. എയർ ബബിൾ കരാർ നീട്ടിയതോടെ വരും ദിവസങ്ങളിലായി കൂടുതൽ ഖത്തർ പ്രവാസികൾക്ക് നാട്ടിൽ നിന്ന് ദോഹയിലേക്ക് മടങ്ങിയെത്താൻ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല