സ്വന്തം ലേഖകൻ: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർധനയാണെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു. ഏഷ്യൻ രാജ്യങ്ങളിലെ അരി ഇനമായ തായ് വൈറ്റ് ബ്രോക്കൺ അരിയുടെ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ടണ്ണിന് 57 ഡോളർ ഉയർന്ന് 640 ആയി.
ഓഗസ്റ്റ് മുതൽ അരി കയറ്റുമതിയിൽ ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതോടെ തായ് അരിക്ക് ബ്രസീൽ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ആവശ്യക്കാർ കൂടി. ഇന്ത്യയുടെ നിയന്ത്രണം ഏറ്റവും അനുകൂലമായത് തായ്‌ലൻഡിനാണ്. വിയറ്റ്നാം അരിയുടെ ക്ഷാമവും തായ്‌ലൻഡിന് ഗുണമായി. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയും വരെ ഇന്ത്യ നിയന്ത്രണം തുടരുമെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ അരി വിലയിൽ കാര്യമായ വർധനയുണ്ടാകുമെന്നും വ്യാപാരികൾ മുന്നറിയിപ്പു നൽകുന്നു.
അരി വില വർധന ഇന്തൊനീഷ്യ, ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങളിൽ പണപ്പെരുപ്പത്തിന് കാരണമായതായും റിപ്പോർട്ടുണ്ട്. തായ്‌ലൻഡിലെ നെല്ലുൽപാദന പ്രദേശങ്ങളിലെ വരൾച്ച നെല്ലുൽപാദനം 6% കുറയ്ക്കാൻ ഇടയാക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നു. ഇന്ത്യയുടെ കയറ്റുമതി നിയന്ത്രണത്തോടെ യുഎഇയിലും അരി വില വർധിച്ചിരുന്നു. എന്നാൽ ക്ഷാമമില്ല.
യുഎഇയിലേക്ക് അരി എത്തിക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യൻ അരി മാത്രമല്ല, 1006 എന്ന ഏകീകൃത കസ്റ്റംസ് കോഡിൽ വരുന്ന എല്ലാ തരം അരികളും വിലക്കിന്റെ പരിധിയിൽ വരും. ഈ അരി ഇനങ്ങളുടെ കയറ്റുമതിയും പുനർ കയറ്റുമതിയും ആവശ്യമുള്ളവർ സാമ്പത്തിക മന്ത്രാലയത്തിൽ പ്രത്യേകം അപേക്ഷ നൽകി അനുമതി വാങ്ങണമെന്നാണ് യുഎഇയിലെ നിയമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല