1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2022

സ്വന്തം ലേഖകൻ: ഇന്ത്യയും സൗദിയും തമ്മിലുള്ള എയര്‍ ബബ്ള്‍ കരാര്‍ ജനുവരി 1 മുതല്‍ നിലവില്‍ വന്നു. ഇതിനു പിന്നാലെ സര്‍വീസുകള്‍ എങ്ങനെയാകുമെന്ന ആശങ്കയിലാണ് സൗദിയിലെ പ്രവാസി സമൂഹം. കരാര്‍ അനുസരിച്ച്, സര്‍വീസ് നടത്തുന്ന കേരളത്തിലെ സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസ് ഉണ്ടാകില്ല.

ഇരുരാജ്യത്തെയും ദേശീയ വിമാന കമ്പനികളായ എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും സര്‍വീസിന് ഒരുങ്ങുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിലക്കുള്ളതാണ് സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസ് നഷ്ടപ്പെടാനുള്ള കാരണം.

കേരള സെക്ടറില്‍ സൗദി എയര്‍ലൈന്‍സിന്റെ ചെറിയ വിമാനങ്ങള്‍ ലഭ്യമല്ലെന്നും വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ മാത്രമേ കരിപ്പൂരിലേക്ക് ഷെഡ്യൂള്‍ ഉണ്ടാകുകയുള്ളൂവെന്നും ബന്ധപ്പെട്ടവര്‍ സൂചന നല്‍കി. പിന്മാറ്റം താത്കാലികമാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കരിപ്പൂരിലെ പ്രമുഖ വിമാനക്കമ്പനിയുടെ തീരുമാനം ആയിരക്കണക്കിന് പേരെയാണ് ആശങ്കയിലാക്കുന്നത്.

വിമാനത്താവളത്തിലെ ഓഫിസുകളും അനുബന്ധ സ്ഥലങ്ങളും വിമാനത്താവള അതോറിറ്റ്ക്ക് കൈമാറാനുള്ള നടപടികള്‍ സൗദി എയര്‍ലൈന്‍സ് പൂര്‍ത്തിയാക്കി. 2020 ലെ വിമാന അപകടത്തെ തുടര്‍ന്ന്, വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് സൗദി എയര്‍ലൈന്‍സുകള്‍ മുടങ്ങിയത്.

കോഡ് ഇ ഇനത്തില്‍പ്പെട്ട മുന്നൂറിലധികം പേര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സിനുള്ളത്. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വീസ് പുനഃരാരംഭിക്കാന്‍ സൗദി എയര്‍ സന്നദ്ധമായെങ്കിലും ഡിജിസിഎ അനുമതി നിഷേധിച്ചു.

സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ വിമാനത്താവള അതോറിറ്റിക്ക് വന്‍തുക വാടക നല്‍കി ഒരു വര്‍ഷമായി ഓഫിസും അനുബന്ധ സംവിധാനങ്ങളും സൗദി എയര്‍ലൈന്‍സ് നിലനിര്‍ത്തി. എന്നാല്‍, അനിശ്ചിതത്വം തുടര്‍ന്നതിനാലാണ് സൗദി എയര്‍ലൈന്‍സ് പിന്മാറുന്നത്. ഏറ്റവും അധികം മലയാളികള്‍ ജോലി എടുക്കുന്ന ജിദ്ദയിലേക്കുള്ള സര്‍വീസുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. സാങ്കേതിക കാരണങ്ങളാല്‍ ചെറിയ വിമാനങ്ങള്‍ക്ക് കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്ക് നേരിട്ട് പറക്കാനാകില്ല.

നിലവില്‍ രണ്ട് ലക്ഷം രൂപയിലധികം ചെലവാക്കിയാണ് മലയാളി പ്രവാസികള്‍ ജിദ്ദയിലേക്ക് യാത്ര ചെയ്യുന്നത്. നേരിട്ട് സര്‍വീസ് ഉണ്ടെങ്കില്‍ ഇത് ഒരു ലക്ഷമായി കുറയും. സൗദി എയര്‍ലൈന്‍സിന്റെ കോഡ് ഇ വിമാനങ്ങള്‍ക്ക് പകരം നാസ് എയര്‍ലൈന്‍സിന്റെ ബജറ്റ് എയര്‍ കരിപ്പൂരിലേക്ക് ഏര്‍പ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ കരിപ്പൂരില്‍ നിന്ന് സൗദിയിലേക്കുള്ള സര്‍വീസുകള്‍ റിയാദിലേക്ക് മാത്രമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.