1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടനെ കടത്തിവെട്ടി ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇന്ത്യ ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനം(ജി.ഡി.പി) നിരക്ക് അനുസരിച്ച് തയ്യാറാക്കിയ പട്ടികയില്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ ആറാമതാണ്.

ഇന്ത്യയിലെ ദ്രുതഗതിയിലുണ്ടായ സാമ്പത്തിക വളര്‍ച്ചയും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള ബ്രിട്ടന്റെ ബ്രിക്‌സിറ്റ് തീരുമാനവുമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. സാമ്പത്തികമായി ഇന്ത്യ ഏറെ നേട്ടമുണ്ടാക്കിയ വര്‍ഷമാണിത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോകത്തിലെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കുള്ള ചൈനയെ ഇന്ത്യ മറികടന്നിരുന്നു.

പിന്നീട് ഒക്ടോബറില്‍ ലോക നാണയ നിധി(ഐ.എം.എഫ്) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് അപാരമായ വളര്‍ച്ചാ സാധ്യതകള്‍ ഉണ്ടെന്ന് പ്രവചിച്ചിരുന്നു. ഒരു പക്ഷേ സാമ്പത്തിക വളര്‍ച്ചയില്‍ ഒന്നാമതെത്താനും ഇന്ത്യക്കാകുമെന്നും അടുത്ത വര്‍ഷം ഇന്ത്യയിലെ മൊത്ത ആഭ്യന്തര ഉത്പാദനം 7.6 ശതമാനം വര്‍ദ്ധിക്കുമെന്നും ഐ.എം.എഫ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബ്രിട്ടന്‍ ഈ വര്‍ഷം രേഖപ്പെടുത്തിയത് 1.8 ശതമാനം ജി.ഡി.പി വളര്‍ച്ച മാത്രമാണ്. അടുത്ത വര്‍ഷം ഇത് 1.1 ശതമാനമായി താഴുമെന്നാണ് കണക്കുകൂട്ടല്‍. അതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാന്‍ ബ്രിട്ടന്‍ തീരുമാനമെടുത്തതോടെ രാജ്യത്തെ സാമ്പത്തിക മേഖലയാകെ മന്ദഗതിലാകുകയും ചെയ്തു.

എന്നാല്‍ ആഗോള തലത്തില്‍ ഉത്പന്നങ്ങള്‍ക്ക് ഉണ്ടായ വിലയിടിവ് മുതലെടുത്ത ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ നേട്ടമുണ്ടാക്കി. കയറ്റുമതി വര്‍ദ്ധിപ്പിക്കാനായാതും പണപ്പെരുപ്പം കുറയ്ക്കാനായതും സഹായകരമാകുകയും ചെയ്തു. കൂടാതെ 2014 ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നരേന്ദ്ര മോദി ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് നടത്തിയ ഇടപെടലുകളും ഇന്ത്യയുടെ മുന്നേറ്റത്തിന് സഹായിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.