1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2015

ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാല് ജയങ്ങള്‍ സ്വന്തമാക്കി ഇന്ത്യ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 183 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 39.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. രണ്ട് തവണ ലോകകപ്പ് ചാമ്പ്യന്മാരായിട്ടുള്ള വിന്‍ഡീസിനെയാണ് അതേ സ്റ്റാറ്റിസ്റ്റിക്ക്‌സുള്ള ഇന്ത്യ പെര്‍ത്തിലെ പിച്ചില്‍ തറപറ്റിച്ചത്.

ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് പെര്‍ത്തിലേത്. അതുകൊണ്ട് തന്നെ മത്സരത്തിലുടനീളം കാണാന്‍ കഴിഞ്ഞത് ബൗളര്‍മാരുടെ ആധിപത്യമായിരുന്നു. ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ (ഏഴ്), ധവാന്‍ (ഒമ്പത്) എന്നിവര്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാനാകാതെ പെട്ടെന്ന് തന്നെ പവലിയനിലേക്ക് മടങ്ങി. ഉപനായകന്‍ കോഹ്ലി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 33 റണ്ണിന് പുറത്തായി. പിന്നീട് ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധോണിയും അശ്വിനും ചേര്‍ന്ന് നേടിയ 51 റണ്‍സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ധോണി പുറത്താകാതെ 45 റണ്‍ നേടി. ഇന്ത്യയ്ക്കു വേണ്ടി രഹാനെ 14, റെയ്‌ന 22, ജഡേജ 13, അശ്വിന്‍ 13 റണ്‍സുകള്‍ വീതം നേടി. വിന്‍ഡീസിനു വേണ്ടി ടെയ്‌ലര്‍, റസല്‍ എന്നിവര്‍ രണ്ടും, സ്മിത്ത് റോച്ച് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് ടീം 182 റണ്‍സ് എടുക്കുന്നതിനിടെ ഓളൗട്ടായി. 34 റണ്‍ നേടുന്നതിനിടെ വിന്‍ഡീസിന്റെ നാലു മുന്‍നിര ബാറ്റ്‌സ്മാന്മാരെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ വിന്‍ഡീസിനെ ഹോള്‍ഡെറിന്റെ അര്‍ദ്ധസെഞ്ച്വറിയാണ് നാണംകെട്ട നിലയില്‍നിന്ന് രക്ഷിച്ചത്. ഹോള്‍ഡര്‍ 64 പന്തുകളില്‍നിന്നായി 57 റണ്‍ നേടി. ഹോള്‍ഡര്‍ മാത്രമാണ് വിന്‍ഡീസ് നിലയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

ഇന്ത്യക്ക് വേണ്ടി ഷമി മൂന്ന് വിക്കറ്റ് നേടി. ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അശ്വിന്‍, മോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റു വിതവും നേടി. ഷമിയാണ് മാന്‍ ഓഫ് ദ് മാച്ച്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.