1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ജിഎസ്ടി യുഗത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ തുടക്കമാകും, സമ്പൂര്‍ണ മാറ്റത്തിന് തയ്യാറെടുത്ത് വ്യാപാര മേഖല. ഇന്ന് അര്‍ധരാത്രി രാജ്യം ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി)യിലേക്കു മാറുന്നതോടെ പരോക്ഷ നികുതികള്‍ മിക്കതും പഴങ്കഥയാകും. എങ്കിലും ഇറക്കുമതിച്ചുങ്കം (കസ്റ്റംസ് ഡ്യൂട്ടി) നിലനില്‍ക്കും. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതിയും ഉത്പാദനഘട്ടത്തിലും വില്പനഘട്ടത്തിലുമുള്ള നികുതികള്‍ എന്നിവയും ജിഎസ്ടി ഏകോപിപ്പിക്കുന്നു. ഇതോടെ ഇതുവരെ കേന്ദ്രത്തിന് അധികാരമില്ലാതിരുന്ന വില്പനയിന്മേല്‍ കേന്ദ്രം നികുതി പിരിക്കും.

ഉത്പാദനത്തിലും സേവനങ്ങളിലും നികുതിക്ക് അധികാരമില്ലാതിരുന്ന സംസ്ഥാനങ്ങള്‍ക്ക് ആ അധികാരം ലഭിക്കുകയും ചെയ്യും. ജിഎസ്ടിക്കു മുഖ്യമായി നാലു നിരക്കാണുള്ളതെങ്കിലും പ്രായോഗികമായി എട്ടു നിരക്കുകള്‍ ഉണ്ട്. ധാന്യങ്ങള്‍, മത്സ്യം, മാംസം, ഉപ്പ്, പച്ചക്കറി, പാല്‍, പഴം, മുട്ട, പ്രസാദം, ന്യൂസ്‌പേപ്പര്‍, പുസ്തകങ്ങള്‍, കുപ്പിവള, പൊട്ട്, സിന്ദൂരം തുടങ്ങിയവയ്ക്കു നികുതിയില്ല. മറിച്ച് പോളിഷ് ചെയ്യാത്ത വജ്രത്തിന് 0.25 ശതമാനണു നികുതി. ഓണ്‍ലൈന്‍ വ്യാപാരത്തിന് ഒരു ശതമാനം നികുതി കുറേ മാസം കഴിഞ്ഞേ നടപ്പാക്കൂ. സ്വര്‍ണത്തിനു മൂന്നു ശതമാനം നികുതിയാക്കി.

നിത്യോപയോഗ സാധനങ്ങള്‍, 1000 രൂപയില്‍ കുറവുള്ള വസ്ത്രങ്ങള്‍, 500 രൂപയില്‍ കുറഞ്ഞ ചെരിപ്പുകള്‍, പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍, പഞ്ചസാര, തേയില, കാപ്പി, റേഷന്‍ മണ്ണെണ്ണ, കല്‍ക്കരി, സ്റ്റെന്റ്, ജീവരക്ഷാ മരുന്നുകള്‍, ഇന്‍സുലിന്‍, തപാല്‍ സ്റ്റാന്പ്, ചന്ദനത്തിരി തുടങ്ങിയവയും റെയില്‍വേ ടിക്കറ്റ്, ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ് തുടങ്ങിയവയും അഞ്ചു ശതമാനം നികുതി വിഭാഗത്തിലാണ്.

രാസവളങ്ങള്‍, കോണ്‍ട്രാക്റ്റുകള്‍, 1000 രൂപയില്‍ കൂടിയ വസ്ത്രങ്ങള്‍, അലോപ്പതിആയുര്‍വേദഹോമിയോ മരുന്നുകള്‍, മൊബൈല്‍, ടൂത്ത് പേസ്റ്റ്, സാനിട്ടറി നാപ്കിന്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍, നോട്ട് ബുക്ക്, രക്ത പരിശോധനാ കിറ്റുകള്‍, ചീട്ട്, ബിസിനസ് ക്ലാസ് വിമാന ടിക്കറ്റ് തുടങ്ങിയവയ്ക്കു 12 ശതമാനം നികുതി. ഐസ്‌ക്രീം, ബിസ്‌കറ്റ്, കേക്ക്, കോണ്‍ഫ്‌ളേക്‌സ് കാമറ, കംപ്യൂട്ടര്‍, ലാപ്‌ടോപ്, ഹെല്‍മെറ്റ്, സിസിടിവി തുടങ്ങിയവയും എസി ഹോട്ടലുകളും ടെലികോം ഐടി സേവനങ്ങളും ബ്രാന്‍ഡഡ് വസ്ത്രങ്ങളും 18 ശതമാനം വിഭാഗത്തിലാണ്.

ബീഡി, മൊളാസസ്, സോഡാവെള്ളം, കോളകള്‍, പെയിന്റ്, ഷേവിംഗ് ക്രീം, ഷാന്പൂ, ആഫ്റ്റര്‍ ഷേവ്, ഡീ ഓഡറന്റ്, വാഷിംഗ് മെഷീന്‍, എടിഎം, വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 28 ശതമാനമാണു നികുതി. പാര്‍ലമന്റെിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രി നടക്കുന്ന പ്രത്യേക യോഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നികുതി ഘടനയിലെ വലിയ മാറ്റം വിളംബരം ചെയ്യും. പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ലോക്‌സഭ, രാജ്യസഭ എം.പിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ മുതല്‍ അമിതാഭ് ബച്ചന്‍ വരെ വിവിധ തുറകളിലെ പ്രമുഖര്‍ക്കും ക്ഷണമുണ്ട്. ഒരു മണിക്കൂറില്‍ താഴെ നീളുന്ന യോഗം രാത്രി 10.45ന് ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.