1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2017

സ്വന്തം ലേഖകന്‍: പാകിസ്താന് കനത്ത തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമെന്ന് സര്‍ക്കാര്‍. നിയന്ത്രണ രേഖയ്ക്കിപ്പുറം നുഴഞ്ഞു കയറി രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്താന്‍ സൈന്യത്തിന്റെ നടപടിയ്ക് ചുട്ട മറുപടി കൊടുക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നതായാണ് സൂചന.

പാകിസ്താനു പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഉചിതമായ സമയത്ത് അവര്‍ക്കു മറുപടി നല്‍കുമെന്നും കരസേനാ ഉപമേധാവി ലഫ്. ജനറല്‍ ശരത് ചന്ദ് വ്യക്തമാക്കി. മറുപടി എവിടെ, എപ്പോള്‍ നല്‍കണമെന്ന് തങ്ങള്‍ തീരുമാനിക്കും. മിന്നലാക്രമണത്തില്‍നിന്ന് പാകിസ്താന്‍ പാഠം ഉള്‍ക്കൊണ്ടോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. നിലവിലെ പ്രകോപനത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും കൂടിക്കാഴ്ച നടത്തി. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അതിര്‍ത്തിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മിലിട്ടറി ഓപ്പറേഷന്‍ വിഭാഗം തലവന്‍ പാക് സൈന്യവുമായി ഹോട്ട്‌ലൈനില്‍ ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം അറിയിച്ചു.

പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചതയാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലാണ് ബി.എസ്.എഫ്. ഹെഡ് കോണ്‍സ്റ്റബിളും ഉത്തര്‍പ്രദേശ് സ്വദേശിയുമായ പ്രേം സാഗര്‍, സിഖ് റെജിമെന്റിലെ നായിബ് സുബേദാര്‍ പരംജിത് സിങ് എന്നിവര്‍ കൊല്ലപ്പെട്ടത്. സൈനികരുടെ മൃതദേഹത്തില്‍ തല അറുത്തുമാറ്റിയ നിലയിലായിരുന്നു.

അതേസമയം വീരമൃത്യു വരിച്ച സൈനികരുടെ ബന്ധുക്കളും ശക്തമായ തിരിച്ചടി ആവശ്യപ്പെട്ട് രംഗത്തെത്തി. പാകിസ്താന്റെ ജനസംഖ്യയേക്കാള്‍ വലുതാണ് നമ്മുടെ സൈനിക ശക്തിയെന്ന് അവകാശപ്പെടുമ്പോഴും തിരിച്ചടിക്കാത്തത് എന്തുകൊണ്ടാണെന്ന് കൊല്ലപ്പെട്ട പരംജിത് സിങ്ങിന്റെ സഹോദരന്‍ രന്‍ജീത് ചോദിച്ചു. സഹോദരന്റെ ശിരസില്ലാത്ത മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാക് സൈന്യം വികൃതമാക്കിയ ഭര്‍ത്താവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പരംജിത്തിന്റെ പത്‌നിയും വ്യക്തമാക്കി.

രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ തന്റെ പിതാവിന്റെ തലയ്ക്കു പകരം 50 പാക് സൈനികരുടെ തലയറുക്കണമെന്ന് കൊല്ലപ്പെട്ട പ്രേം സാഗറിന്റെ മകള്‍ സരോജ് പറഞ്ഞു. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ നിയന്ത്രണ രേഖ സന്ദര്‍ശിച്ച് സൈന്യത്തിന്റെ മുന്നൊരുക്കങ്ങള്‍ നിരീക്ഷിച്ച് മടങ്ങിയതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.