1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2017

സ്വന്തം ലേഖകന്‍: അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സ്‌നേഹ സമ്മാനമായ സൗത്ത് ഏഷ്യ ഉപഗ്രഹം മെയ് 5 ന് വിക്ഷേപിക്കും. അയല്‍നാടുകള്‍ക്കുള്ള ഇന്ത്യയുടെ അമൂല്യ സമ്മാനമായ ‘സൗത്ത് ഏഷ്യ ഉപഗ്രഹം’ മേയ് അഞ്ചിന് വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഈ പദ്ധതിയില്‍ ചേരുന്ന രാജ്യങ്ങളുടെയെല്ലാം വികസന ആവശ്യങ്ങള്‍ ദീര്‍ഘകാലത്തേക്ക് പരിഹരിക്കാന്‍ പര്യാപ്തമാണ് ഈ ഉപഗ്രഹമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഉപഗ്രഹ പദ്ധതിയില്‍ സാര്‍ക്ക് രാജ്യങ്ങളിലെ ഏഴ് അംഗങ്ങള്‍ പങ്കാളികളാണ്. എന്നാല്‍ അടുത്ത കാലത്ത് ഉഭയകക്ഷി ബന്ധം വഷളായതോടെ പാകിസ്താന്‍ പദ്ധതിയില്‍ നിന്ന് മുഖം തിരിച്ചു നില്‍പ്പാണ്. സാര്‍ക്ക് ഉപഗ്രഹം എന്നാണ് ഉപഗ്രഹത്തിന് ആദ്യം പേര് നിര്‍ദേശിച്ചിരുന്നതെങ്കിലും പാകിസ്താന്‍ പിന്മാറിയതോടെ സൗത്ത് ഏഷ്യ ഉപഗ്രഹം എന്ന് മാറ്റുകയായിരുന്നു

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് ഈ പദ്ധതിക്കുള്ളതെന്ന് ഇന്ത്യന്‍ സ്‌പേസ് ഓര്‍ഗനൈസേഷനും വ്യക്തമാക്കി. ദക്ഷിണേഷ്യയോടുള്ള ഇന്ത്യയുടെ കടപ്പാടിന്റെ ഉത്തമ ഉദാഹരണമാണിത്. മേഖലയുടെ മുഴുവന്‍ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇതുവഴി കഴിയും. 2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോഡി മുന്നോട്ടുവച്ച ആശയമായിരുന്നു ഇത്തരമൊരു ഉപഗ്രഹത്തിന്റെ വിക്ഷേപണം.

പ്രകൃതി വിഭവങ്ങള്‍, ടെലിമെഡിസിന്‍, വിദ്യാഭ്യാസം, ഐ.ടി കണക്ടിവിറ്റി തുടങ്ങിയ മേഖലകളിലെല്ലാം പ്രയോജനം ചെയ്യുന്നതായിരിക്കും സൗത്ത് ഏഷ്യ ഉപഗ്രഹം. വാര്‍ത്താ വിനിമയത്തിനും ദുരന്ത നിവാരണത്തിനും പിന്തുണ നല്‍കുന്നതിനൊപ്പം രാജ്യങ്ങള്‍ തമ്മില്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഈ ഉപഗ്രഹം പ്രധാന പങ്കുവഹിക്കും.
ഇന്ത്യയെ കൂടാതെ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇതില്‍ പങ്കാളികളായിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.