1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2022

സ്വന്തം ലേഖകൻ: ടോള്‍ പ്ലാസകളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കുന്നതിനായി 2019-ലാണ് ഫാസ്ടാഗ് സംവിധാനം ഒരുക്കിയത്. ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് രീതി ലഭകരമാണെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, ഈ സംവിധാനത്തിലും മാറ്റം വരുത്തി കൂടുതല്‍ ഹൈടെക് രീതി പരീക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ ടോള്‍ പ്ലാസകള്‍ പൂര്‍ണമായും ഒഴിവാക്കി പുതിയ സംവിധാനം ഒരുക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

സാറ്റ്‌ലൈറ്റ് അധിഷ്ഠിതമായ ടോള്‍ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആലോചിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ടോള്‍ ഈടാക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുന്ന വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ടോളിനുള്ള പണം ഈടാക്കുന്ന സംവിധാനമാണ് ആലോചനയിലുള്ളതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഇതിനുപുറമെ, ടോള്‍ പിരിക്കുന്നതിനായി വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് റീഡ് ചെയ്യുന്ന കംപ്യൂട്ടറൈസ്ഡ് സംവിധാനം ഒരുക്കുക എന്ന ആശയവും മന്ത്രി ഉന്നയിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് റീഡ് ചെയ്ത് ടോള്‍ ഈടാക്കുന്ന രീതിയോടാണ് വ്യക്തിപരമായി താന്‍ യോജിക്കുന്നതെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ രണ്ട് രീതികളും സര്‍ക്കാര്‍ പരീക്ഷിക്കുന്നുണ്ടെന്നും ഒരു മാസത്തിനുള്ളില്‍ അന്തിമ തീരുമാനം സ്വീകരിക്കുമെന്നുമാണ് മന്ത്രി അസംബ്ലി സെഷനില്‍ അറിയിച്ചത്.

നിലവിലെ ഫാസ്ടാഗ് സംവിധാനത്തെ അഭിനന്ദിച്ച മന്ത്രി, മികച്ച രീതിയില്‍ ഫാസ്ടാഗ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതുവഴി പ്രതിദിനം 120 കോടി രൂപയുടെ വരുമാനമാണ് ദേശിയപാത അതോറിറ്റിക്ക് ലഭിക്കുന്നതെന്നും അറിയിച്ചു. ഫാസ്ടാഗ് സംവിധാനത്തിലൂടെ ടോള്‍ പിരിവ് ആരംഭിച്ചതോടെ ഏകദേശം 5.56 കോടി ഫാസ്ടാഗുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടി തുകയാണ് ഈടാക്കുന്നത്.

ഡിജിറ്റലായി ടോള്‍ പണം നല്‍കുക എന്ന ആശയം പൂര്‍ണമായും വിജയിച്ചിട്ടുണ്ടെങ്കിലും ടോള്‍ പ്ലാസയിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യം ഫാസ്ടാഗിലൂടെ പൂര്‍ണമായും സാധ്യമായിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍. ഇപ്പോഴും പല ടോള്‍ പ്ലാസകളിലും വാഹനങ്ങളുടെ നീണ്ടനിരയും ഇതേതുടര്‍ന്നുള്ള ട്രാഫിക് ബ്ലോക്കുകളും ഉണ്ടാകാറുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ബദല്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.