
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ താത്കാലിക വിലക്ക്. സൗദിപൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകരും കുടുംബാംഗങ്ങളും എന്നിവരൊഴികെയുള്ളവര്‍ക്കാകും വിലക്ക് ബാധകമാകുക. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.
യു.എ.ഇ., ഈജിപ്ത്, ലെബനന്‍, തുര്‍ക്കി, യു.എസ്., ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ബ്രസീല്‍, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, ഇന്‍ഡൊനീഷ്യ, പാകിസ്താന്‍, ജപ്പാന്‍ രാജ്യങ്ങള്‍ക്കാകും വിലക്ക് ബാധകമാകുക. ബുധനാഴ്ച സൗദിസമയം രാത്രി ഒമ്പതുമണിമുതല്‍ വിലക്ക് പ്രാബല്യത്തില്‍വരും. 14 ദിവസത്തിനിടയില്‍ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവര്‍ക്കും നിയമം ബാധകമാണ്.
എന്നാൽ പട്ടികയിലുള്ള സൗദി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ, രാജ്യത്തേക്ക് കടക്കുന്നതിന് മുമ്പ് വിലക്കുള്ള പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയവർ എന്നിവർക്ക് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ പാലിച്ച് സൗദിയിലേക്ക് പ്രവേശിക്കാം.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് നേരത്തേ പ്രവേശനാനുമതി ഇല്ലാത്തതിനാൽ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞതിന് ശേഷമാണ് രാജ്യത്തേക്ക് കടന്നിരുന്നത്. ഈ മാർഗവും അടയുകയാണ്. നിലവിൽ യുഎഇയിൽ എത്തിയ ഇന്ത്യക്കാർ യാത്ര പുനഃരാരംഭിക്കുന്നത് വരെ അവിടെ കുടുങ്ങാനാണ് സാധ്യത. 14 ദിവസത്തിനുള്ളിൽ മുകളിൽ പറഞ്ഞ രാജ്യങ്ങളിലൂടെ കടന്നു പോയവർക്കും രാജ്യത്തേക്ക് കടക്കാനാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല