
സ്വന്തം ലേഖകൻ: ദുബായിൽ എയർ ബബ്ൾ കരാറിലെ പ്രശ്നം മൂലം ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്കു മാറ്റിയ എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാന സർവീസുകൾ പുനഃസ്ഥാപിക്കാനായില്ല. ചില സെക്ടറിൽ എയർ ബബ്ൾ കരാർ പ്രകാരമുള്ള സീറ്റിനെക്കാൾ കൂടുതൽ പ്രയോജനപ്പെടുത്തിയതാണ് പ്രശ്നത്തിനു കാരണമെന്നാണ് സൂചന.
സ്പൈസ് ജെറ്റിന്റെ ദുബായ് സെക്ടറിലെ വിമാനങ്ങൾ ഈ മാസം 31 വരെ റാസൽഖൈമയിൽ നിന്നായിരിക്കും സർവീസ് നടത്തുകയെന്ന് എയർലൈൻ അറിയിച്ചു. യാത്രയ്ക്കു മുൻപ് വിമാന–റിപ്പോർട്ടിങ് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ കൊവിഡ് നിന്ത്രണങ്ങളുടെ ഭാഗമായി ദുബായ് ഭരണകൂടം പ്രഖ്യാപിച്ച ടാക്‌സി യാത്രാ വ്യവസ്ഥകളില്‍ നേരിയ ഇളവ്. ഇതുവരെ ടാക്‌സികളില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം രണ്ടായിരുന്നത് മൂന്നായി വര്‍ധിപ്പിച്ചു. പക്ഷെ ഒരു നിബന്ധനയുണ്ട്. മൂന്നാമത്തെയാള്‍ യാത്രക്കാരിലൊരാളുടെ 14 വയസ്സ് തികയാത്ത മകനോ മകളോ ആയിരിക്കണം.
കൊവിഡ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഡ്രൈവറുടെ സീറ്റിന് തൊട്ടടുത്തുള്ള മുന്‍വശത്തെ സീറ്റ് ഒഴിച്ചിടണമെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്നും റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അതായത് ചെറിയ ടാക്‌സിയാണെങ്കില്‍ ഡ്രൈവറെ കൂടാതെ കാറില്‍ കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മാത്രമേ പാടുള്ളൂ.
അതേസമയം, മൂന്ന് നിര സീറ്റുകളുള്ള വാഹനങ്ങളില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം നാലില്‍ നിന്ന് വര്‍ധിപ്പിച്ചിട്ടില്ല. ഇവയുടെ കാര്യത്തില്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നതു വരെ നിലവിലുള്ള രീതി തുടരണമെന്നാണ് ആര്‍ടിഎ അറിയിച്ചിരിക്കുന്നത്. അതായത് ഡ്രൈവറുടെ നിരയില്‍ ഡ്രൈവര്‍ മാത്രവും ബാക്കി രണ്ട് നിരകളില്‍ രണ്ടു വീതം പേരും മാത്രമേ മൂന്നു നിര സീറ്റുകളുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യാവൂ.
കൊവിഡ് നിയന്ത്രങ്ങളുടെ ആദ്യഘട്ടത്തില്‍ എല്ലാ ടാക്‌സികളിലും രണ്ടു യാത്രക്കാരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. സെപ്റ്റംബര്‍ മുതലാണ് വലിയ വാഹനങ്ങളില്‍ നാലു പേരെ അനുവദിച്ചു കൊണ്ട് ആര്‍ടിഎ ഉത്തരവിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല