1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിലക്ക് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിലേയും യുഎഇയിലെയും വിവിധ വിമാനത്താവളങ്ങളിൽ സമയപരിധി തീരുന്നതിന് മുൻപ് തിരിച്ചുവരുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, യുഎഇയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. മിക്ക വിമാനങ്ങളിലും സീറ്റ് ലഭ്യവുമല്ല. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ന് അർധരാത്രി 12 മുതൽ അടുത്ത 10 ദിവസത്തേയ്ക്കാണ് യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.

ഇൗ അവസരം മുതലാക്കി പല വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുകയായിരുന്നു. 1,20,000 രൂപ(6,000 ദിര്‍ഹം) യാണ് ചില വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഇൗടാക്കിയത്. അതേസമയം, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വെബ് സൈറ്റുകൾ കഴിഞ്ഞ 3 ദിവസം പണിമുടക്കുകയും ചെയ്തു. ചില കമ്പനികൾ ചാർട്ടേർഡ് വിമാന സർവീസ് റാസൽഖൈമയിൽ നിന്ന് ഏർപ്പെടുത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇന്ത്യയിൽ നിന്ന് 100 വിമാന സർവീസുകളാണ് പ്രതിദിനം ഉള്ളത്. പല വിമാനങ്ങളും അധിക സർവീസ് നടത്തിയതിന്‍റെ ടിക്കറ്റുകളും മുഴുവനും വിറ്റു തീർന്നു.

ദുബായിലേയ്ക്ക് വരുന്നവർ 48 മണിക്കൂറിനകവും അബുദാബിയിലേയ്ക്കുള്ളവർ 96 മണിക്കൂറിനകവുമുള്ള കോവിഡ്19 പിസിആർ പരിശോധനയുടെ പോസിറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കേണ്ടതിനാൽ നാട്ടിലെ അംഗീകൃത ലാബുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളിലേക്ക് നേപ്പാൾ വഴി പോകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇതിനു സൗകര്യമൊരുക്കും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുഎഇ സ്വദേശികൾക്കും ബിസിനസുകാർക്കും തിരിച്ചുവരാം കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചവരെയും ട്രാൻസിറ്റ് വീസക്കാരെയും യുഎഇയിൽ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറൻ്റീനിൽ കഴിയുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.