
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ലെങ്കിലും ടിക്കറ്റ് വിൽപന തകൃതി. ഈ മാസം 16 മുതൽ പല വിമാനങ്ങളിലും ഇക്കണോമി ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. ഫസ്റ്റ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കാകട്ടെ വൻ നിരക്കും. ഇന്ത്യയിൽ കോവിഡ് തീവ്രത കുറയുകയും കുത്തിവയ്പ് ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വാക്സീൻ എടുത്തവർക്ക് യാത്ര ചെയ്യാൻ അവസരമൊരുക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ സംഘം യുഎഇ മന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു.
എമിറേറ്റ്സ് എയർലൈനിൽ വൺവേയ്ക്കു 6664 ദിർഹം (1,32,304 രൂപ) മുതലാണ് നിരക്ക് ആരംഭിക്കുന്നത്. ബജറ്റ് എയർലൈനായ ഫ്ളൈ ദുബായിക്കും പതിവിനെക്കാൾ കൂടിയ നിരക്ക് 1645 ദിർഹം (33,892) ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്പൈസ് ജെറ്റിന് കൊച്ചിയിൽനിന്ന് ദുബായിലേക്ക് 2,817 ദിർഹമും (57,154 രൂപ) ഗൊ എയറിന് 1,487ഉം (30,169 രൂപ) എയർ ഇന്ത്യാ എക്സ്പ്രസിന് 1,044 ദിർഹമുമാണ് (21,181 രൂപ) നിരക്ക്.
ദുബായിലേക്കു അടുത്ത വാരം മുതൽ സർവീസ് തുടങ്ങിയേക്കുമെന്ന അഭ്യൂഹമാണ് ടിക്കറ്റ് വിൽപന തകൃതിയാകാൻ കാരണമെന്നാണ് സൂചന. ഇതേസമയം ഡിമാൻഡ് വർധിച്ചതോടെ ചില എയർലൈനുകൾ ഓൺലൈനിൽ ടിക്കറ്റ് മരവിപ്പിച്ച് വില കൂട്ടുന്നതായും സൂചനയുണ്ട്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമായ അബുദാബിയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിന് അത്ര തിരക്കില്ല.
കോവിഡ് പശ്ചാത്തലത്തിൽ എയർബബ്ൾ കരാർ പ്രകാരമായിരുന്നു ഇന്ത്യ–യുഎഇ സെക്ടറിൽ സർവീസ് നടത്തിയിരുന്നത്. എന്നാൽ കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ശക്തമായതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ ഇന്ത്യയിൽനിന്നുള്ള യാത്രയ്ക്കു യുഎഇ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതെ വിമാനടിക്കറ്റ് എടുക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍വേണം തുക നല്‍കേണ്ടതെന്ന് ട്രാവല്‍ ഏജന്‍സി പ്രതിനിധികള്‍ വ്യക്തമാക്കി. യാത്രാ നിയന്ത്രണത്തിലെ ഇളവു സംബന്ധിച്ച് ഒരു സൂചനയും ഇല്ലെങ്കിലും എമിറേറ്റ്സ് അടക്കമുള്ള ചില വിമാനക്കമ്പനികള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത് നാട്ടില്‍ക്കുടുങ്ങിയ പ്രവാസികളില്‍ പ്രതീക്ഷയും അതോടൊപ്പം ആശയക്കുഴപ്പവും സൃഷ്ടിക്കുകയാണ്.
യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിക്കപ്പെടുമെന്ന് ഉറപ്പില്ലാതെ ടിക്കറ്റെടുത്താല്‍ മുടക്കിയ തുക വിമാനക്കമ്പനികളില്‍ എത്തുകയും റീഫണ്ട് ലഭിക്കാതെ വരുന്ന സാഹചര്യവുമുണ്ടായേക്കാം. സൗജന്യമായി തീയതി മാറ്റിത്തരുമെങ്കിലും അടച്ച തുക തിരികെ ലഭിക്കാറില്ല എന്നതാണ് ഇതുവരെയുള്ള അനുഭവമെന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല