
സ്വന്തം ലേഖകൻ: ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നു യുഎഇയിലേയ്ക്ക് നേരിട്ട് യാത്രാ വിമാനസർവീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് എയർ ലൈൻസ്. നേരത്തെ ഈ മാസം ഏഴു മുതൽ സർവീസ് പുനരാരംഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അറിയിച്ചിരുന്നു.
ഇന്ത്യയിലെ കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 24 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. 14 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ച ആളുകൾക്കും വിലക്ക് ബാധകമായിരിക്കും. യുഎഇ സ്വദേശികൾ, യുഎഇ ഗോൾഡൻ വീസയുള്ളവർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരെ യാത്രയ്ക്ക് അനുവദിക്കും.
ഇതിനകം എമിറേറ്റ്സിൽ ടിക്കറ്റെടുത്തവർ അവ സൂക്ഷിച്ചുവച്ച് ഭാവിയിൽ ഉപയോഗിക്കണമെന്ന് അഭ്യർഥിച്ചു. വിവരങ്ങൾ വെബ് സൈറ്റിലെ keep your ticket എന്ന വിഭാഗത്തിൽ ലഭ്യമാണ്. ജൂലൈ എഴ് മുതല്‍ ദുബൈ സര്‍വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നു. ഈ മാസം 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും വ്യക്തമാക്കിയിരുന്നു.
അതിനിടെ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജി.സി.സി രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നേപ്പാള്‍, ശ്രീലങ്ക പോലുള്ള മൂന്നാമത് രാജ്യങ്ങള്‍ വഴി ബഹ്റൈനിലും ഖത്തറിലും വലിയ തോതില്‍ പ്രവാസി കേരളീയര്‍ എത്തുന്നു. തുടര്‍ന്ന് സൗദി അറേബ്യയില്‍ പോകണമെങ്കില്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം എന്ന അവസ്ഥയുമുണ്ട്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാല്‍ കോവാക്സിന് രണ്ടു ഡോസുകള്‍ ലഭിച്ചവര്‍ക്ക് തിരിച്ചു വരാനുള്ള അനുമതി ജി.സി.സി രാജ്യങ്ങള്‍ നല്‍കുന്നില്ല എന്നതാണ് രണ്ടാമത്തെ പ്രശ്നം. വിദേശത്തു നിന്നും ഫൈസര്‍, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവര്‍ക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയില്‍ ലഭിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല