1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2015

സ്വന്തം ലേഖകന്‍: ഇന്ത്യ, യുഎഇ ബന്ധത്തില്‍ പുതിയ ചരിത്രം രചിച്ച് ഡല്‍ഹിയില്‍ ചര്‍ച്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വിശാലമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉഭയകക്ഷി ചര്‍ച്ചകള്‍. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ എണ്‍പതംഗ സംഘമാണ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലയുടെയും സംയുക്ത അധ്യക്ഷതയിലാണ് രണ്ടു ദിവസത്തെ ഉഭയകക്ഷി ചര്‍ച്ചകള്‍. ഉഭയകക്ഷി വ്യാപാരവും നിക്ഷേപ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് ചര്‍ച്ചയിലെ ഊന്നല്‍. പ്രതിരോധം, അടിസ്ഥാന സൗകര്യവികസനം, തീവ്രവാദത്തിനെതിരായ പോരാട്ടം, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും ചര്‍ച്ചയില്‍ മുന്‍ഗണന ലഭിക്കും.

ഊര്‍ജസുരക്ഷ, പാരമ്പര്യേതര ഊര്‍ജം, ബഹിരാകാശ ഗവേഷണം, നഗരവികസനം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് യുഎഇ സംഘത്തിന്റെ സന്ദര്‍ശനം.

ഇന്ത്യയും യുഎഇയും ചേര്‍ന്ന് അടിസ്ഥാനസൗകര്യ വികസനത്തിനായി അഞ്ചു ലക്ഷം കോടി രൂപയുടെ സംയുക്തനിധി രൂപീകരിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതുസംബന്ധിച്ച തുടര്‍ചര്‍ച്ചകളും ഡല്‍ഹിയില്‍ നടക്കും. പ്രതിരോധ ഉല്‍പാദനമേഖലയില്‍ സഹകരണം ശക്തിപ്പെടുത്താനും സംയുക്ത സൈനികാഭ്യാസ പ്രകടനങ്ങള്‍ കൂടുതലായി നടത്താനും ഇരുരാജ്യങ്ങളും ഉന്നം വക്കുന്നതായാണ് സൂചന.

തൊഴിലാളി, നഴ്‌സ് റിക്രൂട്ട്‌മെന്റ് ചട്ടങ്ങളില്‍ ഇന്ത്യ കൊണ്ടു വന്ന മാറ്റങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ പരിഗണിക്കുമെന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.