
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്ക് ജൂലൈ 21 വരെ യാത്രാ വിമാന സർവീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. ഒരു യാത്രക്കാരന്റെ സംശയത്തിനു മറുപടിയായി ട്വിറ്ററിലാണ് എയർവേയ്സ് അധികൃതർ വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും വൈകുമെന്നു വ്യക്തമാക്കിയത്.
ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേയ്ക്ക് സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായിലെ എമിറേറ്റ്സ് എയർലൈൻസ് നേരത്തേ അറിയിച്ചിരുന്നു. യുഎഇ ഗവ.വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്നും ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം, എമിറേറ്റ്സിന്റെ വെബ് സൈറ്റില്‍ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് ദുബായിലേയ്ക്ക് വണ്‍വേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. എന്നാല്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ്, മറ്റു സ്വകാര്യ വിമാനകമ്പനികള്‍ എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടില്ല. ജൂലൈ എട്ടിന് കൊച്ചിയില്‍ നിന്നും ദുബായിലേക്ക് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിന് മുകളിലാണ് എമിറേറ്റ്സിന്റെ ടിക്കറ്റ് നിരക്ക്.
9ന് തൊണ്ണൂറ്റി മൂവായിരത്തിന് മുകളിലും ടിക്കറ്റ് നിരക്കുണ്ട്. എന്നാല്‍ 14, 15 തീയതികളില്‍ ഇത് 42000 ആയി കുറയുന്നുണ്ട്. ജൂലൈ 6 വരെയാണ് നിലവില്‍ ഇന്ത്യയുഎഇ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എയര്‍ ഇന്ത്യ അധികൃതരും കഴിഞ്ഞ ദിവസം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
ഏപ്രിൽ 25 മുതലാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പ്രശ്ചാത്തലത്തിൽ യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല