1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2022

സ്വന്തം ലേഖകൻ: ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കിന് ശേഷമാണിത്. ന്യൂഡല്‍ഹി- ദുബായ് റൂട്ടില്‍ നിന്നുള്ള വണ്‍വേ നിരക്ക് ഇപ്പോള്‍ 14,000 രൂപയില്‍ താഴെയാണ്. ഒരു മാസം മുമ്പ് 40,000 രൂപ ആയിരുന്നു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഏകദേശം പകുതിയായി കുറഞ്ഞെന്ന് മുസാഫിര്‍ സര്‍വീസസ് ഹൈദരാബാദിന്റെ ഓപറേഷന്‍ മാനേജര്‍ മൊഹമ്മദ് ഒമര്‍ അലി സിയാസറ്റിനോട് പറഞ്ഞു.

2021 ഡിസംബറില്‍ ഇന്ത്യ- യുഎഇ വിമാന ടിക്കറ്റ് നിരക്ക് 37,000 രൂപയില്‍ കൂടുതലായിരുന്നു (1814 ദിര്‍ഹം). എന്നാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള നിരക്ക് ഏകദേശം 13,660 രൂപ (665 ദിര്‍ഹം) ആണ്. ‘ഒക്ടോബറില്‍ എനിക്കും കുഞ്ഞിനും ഒരു വാണിജ്യ വിമാനത്തില്‍ യാത്ര ചെയ്യാനായി ഏകദേശം 45,000 രൂപയാണ് ചെലവായത്. മടങ്ങുന്ന വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞതിനാല്‍ സന്തുഷ്ടയാണ്’, ഡിസംബറില്‍ യുഎഇയിലേക്ക് പോയി ഇപ്പോള്‍ അവധിക്കാലം കഴിഞ്ഞ് മടങ്ങുന്ന ഹിന ഫാത്തിമ പറയുന്നു.

‘വിമാന സര്‍വീസുകള്‍ മുമ്പത്തെ അതേ നിരക്കുകളാണ് ഈടാക്കുന്നത്. ഒക്ടോബര്‍- ജനുവരി പൊതുവെ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സമയമാണ്’, ട്രാവല്‍ ഏജന്റായ സഫിയ പറഞ്ഞു. വാണിജ്യ വിമാനങ്ങള്‍ക്കുള്ള അഞ്ച് മാസത്തെ വിലക്കിന് ശേഷം ഓഗസ്റ്റ് 30 മുതല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശന വിസ പുനഃരാരംഭിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചത് മുതല്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തില്‍ കൊച്ചി- ദുബായ് റൂട്ടില്‍ 1,500 ദിര്‍ഹം (30,000 രൂപ) ഇക്കണോമി സീറ്റുകള്‍ ഉണ്ടായിരുന്നു.

വാക്‌സിന്‍ സ്വീകരിച്ച താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും 2021 ഒക്ടോബര്‍ 1 മുതല്‍ എക്‌സ്‌പോ 2020 ദുബായ് ഔദ്യോഗികമായി തുറന്നതോടെ യുഎഇയിലേക്കുള്ള എയര്‍ലൈന്‍ ടിക്കറ്റുകളുടെ വില കുതിച്ചുയര്‍ന്നു. ഇതേ മാസം ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ഡല്‍ഹി തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള വണ്‍വേ നിരക്കുകള്‍ പുറപ്പെടുന്ന തീയതിക്ക് അടുത്ത് 2,000 ദിര്‍ഹം (40,373 രൂപ) വരെ ഉയര്‍ന്നതാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു.

ക്രിസ്മസ്, ന്യൂ ഇയര്‍ അവധികള്‍ ആഘോഷിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ യുഎഇയിലേക്ക് പോയതിനാല്‍ എപ്പോഴും തിരക്കുള്ള യുഎഇ റൂട്ടുകളിലേക്കുള്ള വിമാനനിരക്ക് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താരതമ്യേന ഉയര്‍ന്നതാണ്. കൂടാതെ, ശീതകാലം രാജ്യത്തെ വിനോദസഞ്ചാരത്തിന്റെ ഏറ്റവും ഉയര്‍ന്ന സീസണാണ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ക്ക് മുമ്പ് 600 ദിര്‍ഹത്തില്‍ താഴെ ആയിരുന്നു (12,308 രൂപ) വിമാന ടിക്കറ്റ് നിരക്ക്.

ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള പ്രീ- ട്രാവല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും നിര്‍ബന്ധമായി തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.