
സ്വന്തം ലേഖകൻ: യുഎഇയുമായുള്ള തന്ത്രപ്രധാന സഹകരണത്തിലൂടെ ജിസിസി, ആഫ്രിക്കൻ മേഖലകളിൽ കൂടുതൽ പദ്ധതികൾ തുടങ്ങാനൊരുങ്ങി ഇന്ത്യ. ഇന്ത്യൻ ഉൽപന്നങ്ങൾ ഈ രാജ്യങ്ങളിലെ വിപണികളിൽ കൂടുതൽ എത്തിക്കാനും ഇന്ത്യ-യുഎഇ സംയുക്ത പദ്ധതികൾക്കു തുടക്കമിടാനും സഹായകമാകും.
ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് യുഎഇ വ്യക്തമാക്കിയിരിക്കെ വൻ അവസരങ്ങളാണ് ഒരുങ്ങുന്നത്. ഒട്ടേറെ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുന്ന സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
കരാർ ഒപ്പുവച്ച് 5 വർഷത്തിനകം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യ-വ്യാപാര ഇടപാട് 10,000 കോടി ഡോളറിനു മുകളിലെത്തിക്കുകയാണു ലക്ഷ്യം. ഈ സാഹചര്യത്തിൽ കൂടുതൽ പദ്ധതികൾക്കു സജ്ജമാക്കാൻ വാണിജ്യ-വ്യവസായമന്ത്രി പിയൂഷ് ഗോയൽ ഇന്ത്യൻ വ്യവസായികളോട് ആവശ്യപ്പെട്ടു. അവസരങ്ങൾ ഉപയോഗപ്പെടുത്തി രാജ്യാന്തര വിപണിയിൽ ഇന്ത്യൻ സാന്നിധ്യം വർധിപ്പിക്കണം.
യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാവുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും വ്യക്തമാക്കി. മുംബൈയിൽ എക്സ്പോർട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽ പ്രമുഖ വ്യവസായികളും സർക്കാർ പ്രതിനിധികളും നൂറിലേറെ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.
ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ശക്തമാകുകയും ഒട്ടേറെ സംരംഭങ്ങൾക്കു തുടക്കമാകുകയും ചെയ്തെന്നു കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വെസ്റ്റേൺ റീജൻ ചെയർമാൻ ബി. ത്യാഗരാജൻ പറഞ്ഞു. പല തന്ത്രപ്രധാന പദ്ധതികൾക്കും രൂപം നൽകിയെന്നും ഘട്ടംഘട്ടമായി ഇവ യാഥാർഥ്യമാക്കുമെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല