1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2021

സ്വന്തം ലേഖകൻ: ഒട്ടേറെ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുന്ന ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാർ കോവിഡാനന്തര കാലഘട്ടത്തിലെ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷ. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ വർധിക്കുന്നതിനൊപ്പം വിപണിയിൽ കൂടുതൽ നേട്ടങ്ങൾക്കു വഴിയൊരുക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദിയും വ്യക്തമാക്കി.

ഇതോടെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് അവസരങ്ങൾ ഏറെയാണ്. കരാർ ഒപ്പുവച്ച് 5 വർഷത്തിനകം ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വാണിജ്യ-വ്യാപാര ഇടപാട് 10,000 കോടി ഡോളറിനു മുകളിലെത്തിക്കുകയാണു ലക്ഷ്യം. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാപാരത്തിൽ 1,500 കോടി ഡോളറിന്റെ ഇടപാടും പ്രതീക്ഷിക്കുന്നു. അടുത്ത മാർച്ചിൽ കരാർ ഒപ്പുവയ്ക്കാനാണ് ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലെ ധാരണ.

കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും സാധ്യതകൾ കണ്ടെത്തുകയും ചെയ്യുക, നിക്ഷേപപദ്ധതികളുടെ സമഗ്രരൂപരേഖയുണ്ടാക്കുക, നിക്ഷേപകർക്കു മാർഗനിർദേശങ്ങൾ നൽകുക, നിക്ഷേപനിധി കണ്ടെത്തുകയും വിനിയോഗത്തിനുള്ള മാർഗരേഖകൾ തയാറാക്കുകയും ചെയ്യുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

കയറ്റുമതിയിലും കരാറിന്റെ ഗുണം പ്രതിഫലിക്കും. ലോഹങ്ങൾ, വജ്ര-സ്വർണാഭരണങ്ങൾ, ധാതുക്കൾ, ധാന്യങ്ങൾ, പഴം-പച്ചക്കറികൾ, തേയില, മാംസം, കടൽവിഭവങ്ങൾ, യന്ത്രഘടകങ്ങൾ, രാസവസ്തുക്കൾ, മര ഉൽപന്നങ്ങൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു കയറ്റുമതി ചെയ്യുന്നത്.

പെട്രോളിയം, വജ്ര-സ്വർണ ആഭരണങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവ ഇന്ത്യയിലേക്ക് തിരിച്ച് ഇറക്കുമതി ചെയ്യുന്നു. ഗതാഗതം, റിയൽ എസ്റ്റേറ്റ്, ഊർജം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ യുഎഇ കൂടുതൽ നിക്ഷേപം നടത്തുകയാണ്. റെയിൽവേ, റോഡ് മേഖലകളിൽ പരസ്പരം നിക്ഷേപം നടത്താനും സഹകരിക്കാനും സാങ്കേതിക വിദ്യകൾ കൈമാറാനും നേരത്തേ ധാരണയായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.