1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2021

സ്വന്തം ലേഖകൻ: ഇന്ത്യയും യു എ ഇയും തമ്മില്‍ നടക്കുന്ന വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും അടുത്ത വര്‍ഷം ആദ്യ പകുതിയോടെ കരാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ 115 ബില്യന്‍ ഡോളര്‍ വ്യാപാരം ലക്ഷ്യമിടുന്നതാണ് കരാറെന്നും അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കാനാണ് പരസ്പര ധാരണയില്‍ എത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

2019-20ല്‍ ഉഭയ കക്ഷി വ്യാപാരം 59 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി വ്യാപാരത്തില്‍ ചെറിയ കുറവുണ്ടായി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അത് 43 ബില്യണ്‍ ഡോളറായി കുറഞ്ഞു. എന്നാല്‍ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുന്നതോടെ പരസ്പര സഹകരണം മെച്ചപ്പെടുത്തുകയും അതുവഴി ഉഭയകക്ഷി വ്യാപാരം അഞ്ചു വര്‍ഷം കൊണ്ട് 115 ബില്യണ്‍ ഡോളറായി ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-യു എ ഇ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ദുബായില്‍ നടക്കുന്ന എക്‌സ്‌പോ 2020യിലെ ഇന്ത്യന്‍ പവലിയന്‍ ഏറെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പവലിയനിലേക്ക് ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെയാണ് വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ വ്യാപാര, നിക്ഷേപക സാധ്യതകള്‍ കൂടുതലായി പരിചയപ്പെടുത്താന്‍ പവലിയനിലൂടെ സാധിച്ചു. ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ലഡാക്ക് എന്നിവിടങ്ങളിലെ നിക്ഷേപ സാധ്യതകള്‍ സന്ദര്‍ശകരില്‍ വലിയ താല്‍പര്യം ജനിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ പവലിയനില്‍ നവരാത്രി, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന വിവിധ കലാ സാംസ്‌ക്കാരിക പരിപാടികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌ക്കാരിക സമന്വയത്തിന് വലിയ മുതല്‍ക്കൂട്ടായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.