
സ്വന്തം ലേഖകൻ: ഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും ഊഷ്മളമായ അവസ്ഥയിലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ബോറിസ് ജോണ്‍സനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
തനിക്ക് ലഭിച്ച സ്വീകരണത്തിന് ബോറിസ് നന്ദി പറയുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴാണ് ഏറ്റവും മികച്ച അവസ്ഥയിലുള്ളതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മഗാന്ധി അന്ത്യവിശ്രമംകൊള്ളുന്ന രാജ്ഘട്ടിലെത്തി ആദരമര്‍പ്പിക്കുകയും ചെയ്തു. ബോറിസ് ജോണ്‍സനും മോദിയും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. പ്രതിരോധം, നയതന്ത്രം, സാമ്പത്തികം, ഇന്‍ഡോ പസഫിക് മേഖലയിലെ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഇരുരാഷ്ട്രത്തലവന്‍മാരും ചര്‍ച്ച ചെയ്യും.
പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഇന്ത്യ-യുകെ ബന്ധം പ്രതീക്ഷ നല്‍കുന്നതാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് ബോറിസ് ജോണ്‍സണ്‍ ന്യൂഡല്‍ഹിയില്‍ എത്തിയത്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബോറിസിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ബോറിസ് ജോണ്‍സണ്‍ ചര്‍ച്ച നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല