
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാനങ്ങൾക്ക് റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. യാത്രാ വിലക്ക് പ്രാബല്യത്തിലാകുന്ന വെള്ളിയാഴ്ച പുലർച്ചെ നാലിനു മുൻപ്, ബ്രിട്ടനിലെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു പ്രവാസികൾ. എയർ ഇന്ത്യ ഉൾപ്പെടെയുള്ള നാല് വിമാനക്കമ്പനികൾ അധിക വിമാനസർവീസ് നടത്താൻ അനുമതി തേടിയെങ്കിലും ഹീത്രൂ വിമാനത്താവള അധികൃതർ അത് നിരസിച്ചത് ഇവർക്ക് കനത്ത തിരിച്ചടിയായി.
ബ്രിട്ടീഷ് പൗരത്വമുള്ളവരും ദിർഘകാല റിസിഡനറ് പെർമിറ്റ് ഉള്ളവരുമൊക്കെയായി ആയിരക്കണതക്കിന് ആളുകളാണ് ബ്രിട്ടനിലേക്ക് മടങ്ങാനാകാതെ നാട്ടിൽ കുടുങ്ങിയിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിൽപോയ മലയാളികൾ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. വെള്ളിയാഴ്ച പുലർച്ചെ നാലിനുശേഷം ഇന്ത്യയിൽനിന്നും ബ്രിട്ടനിലെത്തുന്ന എല്ലാവർക്കും രണ്ടുലക്ഷത്തോളം രൂപ മുടക്കിയുള്ള പത്തുദിവസത്തെ ഹോട്ടൽ ക്വാറന്റീൻ വേണം.
മാത്രമല്ല, വെള്ളിയാഴ്ചക്കു ശേഷം 24 മുതൽ 30 വരെ പിന്നീട് ഇന്ത്യയിൽനിന്നും ബ്രിട്ടനിലെത്താൻ എയർ ഇന്ത്യയുടെ വിമാനവുമില്ല. ഇതാണ് റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകുന്നതിനു മുൻപ് ബ്രിട്ടണിലേക്കു പറക്കാൻ യാത്രക്കാർ പരക്കംപായാൻ കാരണം. ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കി കഴിഞ്ഞദിവസം പ്രഖ്യാപനം വന്നയുടൻ ബ്രിട്ടനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിരുന്നു.
അഭൂതപൂർവ്വമായ തിരക്കാണ് ഇന്നലെ എത്തിയ വിമാനങ്ങളിൽ ഉണ്ടായിരുന്നത്. ചട്ടം മാറ്റത്തിന് മുന്നോടിയായി അവസാനമായി ഷെഡ്യൂൾ ചെയ്ത വാണിജ്യ വിമാനം വിസ്താര ഫ്ലൈറ്റ് VTI017 18:48 ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അതേസമയം ഹീത്രൂവിലെത്തിയ യാത്രക്കാർ മൂന്ന് മണിക്കൂറോളം ജീവനക്കാരുടെ കുറവ് മൂലം പാസ്പോർട്ട് കൺട്രോൾ വിഭാഗങ്ങളിൽ കുടുങ്ങി. .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല