1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2023

സ്വന്തം ലേഖകൻ: യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ അവസരമൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എംബിബിഎസ് പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് പരീക്ഷകളെഴുതാന്‍ അന്തിമ അവസരം നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.

രാജ്യത്തെ ഏതെങ്കിലും കോളേജുകളില്‍ ചേരാതെ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പരീക്ഷ എഴുതാന്‍ അവസമൊരുക്കും. ഇന്ത്യന്‍ എംബിബിഎസ് സിലബസിനെ അടിസ്ഥാനമാക്കിയായിരിക്കും തിയറി പരീക്ഷ. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ തന്നെ പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയാക്കുന്നതിനും അവസരമൊരുക്കും.

ഒറ്റ അവസരത്തിലൂടെ പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് പരീക്ഷകള്‍ പാസാകുന്ന വിദ്യാര്‍ഥികള്‍ രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. ആദ്യ വര്‍ഷം ഇന്റേണ്‍ഷിപ്പിന് പ്രതിഫലം ഉണ്ടായിരിക്കില്ല. രണ്ടാംവര്‍ഷം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശിച്ച തുക പ്രതിഫലമായി നല്‍കും.

നിലവിലെ സാഹചര്യത്തില്‍ മാത്രം ബാധകമായ തീരുമാനമാണിതെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്നില്‍ നിന്നും കോവിഡിനെ തുടര്‍ന്ന് ചൈന, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും തിരിച്ച് വന്ന് പഠനം പ്രതിസന്ധിയിലായ വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്.

നേരത്തെ ഹര്‍ജി പരിഗണിക്കവെ പ്രശ്നം പരിഹരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി ഒരു വിദഗ്ധ സമിതിയ്ക്കും സുപ്രീംകോടതി രൂപം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനം കോടതിയില്‍ അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.