1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2021

സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക്‌ യാത്ര ചെയ്യാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.റ്റി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര നിബന്ധനയിൽ കടുത്ത പ്രതിഷേധം. ഏകദേശം 5000 ഇന്ത്യന്‍ രൂപയോളം ചിലവഴിച്ചു വേണം ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്റ്റ്‌ നടത്താന്‍. പ്രസ്തുത സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ നാട്ടില്‍ 1700 രൂപ ചിലവഴിച്ചു വീണ്ടുമൊരു ടെസ്റ്റ്‌ ചെയ്യണമെന്ന നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം.

ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ അടക്കം ഈ വലിയ തുക കണ്ടെത്തേണ്ട ദുരവസ്ഥയിലാണ്. ഒന്നുകില്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലെ സാധാരണ കൊവിഡ് ടെസ്റ്റ് ഫലങ്ങൾ അംഗീകരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായി നാട്ടിലെ ടെസ്റ്റുകള്‍ ഒഴിവാക്കണം. അതല്ലെങ്കില്‍ യാത്രക്കാർ പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള ടെസ്റ്റ് നിബന്ധന ഒഴിവാക്കി നാട്ടിലെത്തുമ്പോള്‍ മാത്രം ടെസ്റ്റ് നടത്തിയാൽ മതിയെന്ന് മാർഗനിർദേശം തിരുത്തണമെന്ന് പ്രവാസികൾ പറയുന്നു.

തുടര്‍ച്ചയായി 72 മണിക്കൂറിനുള്ളില്‍ ഇരട്ട ടെസ്റ്റുകള്‍ എന്ന അമിത ഭാരം പ്രവാസികള്‍ക്ക് മേൽ അടിച്ചേല്‍പ്പിക്കുന്ന നടപടിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. കേന്ദ്രത്തിൻെറ ചട്ടമാണെങ്കിലും സംസ്​ഥാന സർക്കാറുകൾക്ക്​ ഈ വിഷയത്തിൽ ഇളവുകൾ അനുവദിക്കാൻ കഴിയും. കൊ​ച്ചു​കു​ട്ടി​ക​ളെ ഇരട്ട പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ പ്ര​വാ​സി​ക​ൾ നി​ര​ന്ത​രം ആ​വ​ശ്യ​മു​ന്ന​യി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

കൊറോണ വൈറസിൻെറ വകഭേദം യൂറോപ്പിലടക്കം വ്യാപകമായതിനെ തുടർന്ന്​ നാട്ടിലെത്തുന്ന പ്രവാസികൾക്കായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്​ ഫെബ്രുവരി 22 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഗൾഫ്​, യൂറോപ്പ്​, യു.കെ എന്നിവിടങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്നവർ കൊവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കൈയിൽ കരുതണം. നാട്ടിലെ വിമാനത്താവളത്തിൽ എത്തിയാൽ മോളിക്കുലാർ ടെസ്​റ്റ്​ സ്വന്തം ചെലവിൽ നടത്തണമെന്നുമാണ്​ പുതിയ ചട്ടത്തിൽ പറയുന്നത്​.

നാട്ടിലെ വിമാനത്താവളങ്ങളിൽ വൻനിരക്കാണ്​ മോളിക്കുലാർ പരിശോധനക്ക്​ ഈടാക്കുന്നത്​. കൊച്ചി, കണ്ണൂർ​ വിമാനത്താവളങ്ങളിൽ 1700 രൂപ ഈടാക്കുമ്പോൾ തിരുവനന്തപുരത്ത്​ 1200ഉം കോഴിക്കോട്ട്​ 1350ഉം ആണ്​ നിരക്ക്​. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നിരക്ക്​ ഈടാക്കുന്നതും കേരളത്തിലാണ്​​. ഡൽഹിയിൽ 900, ലക്​നോവിൽ 500 എന്നിങ്ങനെയാണ്​ നിരക്ക്​. സ്വകാര്യ ഏജൻസികൾക്ക്​ കരാർ കൊടുത്തതിനാൽ അവർ നിശ്​ചയിക്കുന്ന നിരക്കാണിത്​. ഈ തുകയിൽ കുറവ്​ വരുത്താനെങ്കിലും സംസ്ഥാനസർക്കാറിന്​ കഴിയുമെന്നിരിക്കെ സർക്കാർ ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നാണ്​ പ്രവാസികളുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.