സ്വന്തം ലേഖകന്‍: ലോക സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പില്‍ ചൈനയുമായി ഇഞ്ചോടിഞ്ചു പോരാടുന്ന ഇന്ത്യക്ക് കൂടുതല്‍ എണ്ണയും പ്രകൃതിവാതകവും ലഭ്യമാക്കാന്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ. രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യത്തിനുള്ള ഇന്ധനങ്ങള്‍ ലഭിക്കുന്നതിന് നിലവിലുള്ള വിലക്കുകള്‍ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ അതിവേഗത്തില്‍ വളരുന്ന വ്യവസായ മേഖലക്ക് തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കാന്‍ ആണവോര്‍ജം അത്യാവശ്യമാണെന്നു വിദേശകാര്യബന്ധ സമിതി അധ്യക്ഷന്‍ എഡ് റോയിസ് അഭിപ്രായപ്പെട്ടു. യുഎസ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇന്ത്യ, യുഎസ് ആണവ വ്യാപാരം സംബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു എഡ് റോയിസ്.
കോണ്‍ഗ്രസ് അംഗം മൈക്ക് ഹോണ്ടയും എഡ് റോയിസിനെ പിന്തുണച്ച് സമാധാനാവശ്യത്തിന് ഇന്ത്യക്ക് ആണവോര്‍ജവും സാങ്കേതിക വിദ്യയും നല്‍കുന്നതിനു നിലവിലുള്ള തടസ്സങ്ങള്‍ വളരെ വേഗം പരിഹരിക്കപ്പെടണമെന്ന് നിര്‍ദ്ദേശിച്ചു.
ഇന്ത്യയ്ക്കു വേണ്ട പ്രകൃതിവാതകവും ഉടനെ നല്‍കേണ്ടതുണ്ടെന്നു യോഗത്തില്‍ പ്രസംഗിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ദ്രവീകൃത പ്രകൃതിവാതകം ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യാന്‍ വൈകരുതെന്ന് ഏക ഇന്ത്യന്‍, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം എമി ബേറ പറഞ്ഞു.
ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് ദ്രവീകൃത പ്രകൃതിവാതകവുമായി ആദ്യകപ്പല്‍ ഇന്ത്യയിലേക്കു പുറപ്പെടുമെന്ന് പീറ്റ് ഓള്‍സണ്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഊര്‍ജ രംഗത്തെ അമേരിക്കയുടെ നയ രൂപവല്‍ക്കരണത്തില്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ ലോബിയുടെ സമ്മര്‍ദ്ദം അതിപ്രധാനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല