1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിലും യുഎസിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇന്ത്യയിൽ കർണാടകയിലാണ് രണ്ടുപേർക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. 66ഉം 46ഉം വയസ് പ്രായമുള്ളവർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരികയാണ്.

അമേരിക്കയിലും കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. കാലിഫോർണിയയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് നവംബർ 22ന് കാലിഫോർണിയയിലെത്തിയ വ്യക്തിക്കാണ് രോഗം. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുന്നേ യുഎസിലേക്ക് വന്നയാളാണ് ഇദ്ദേഹം.

നവംബർ 29നാണ് ഇയാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതെന്ന് ആന്‍റണി ഫൗസി പറഞ്ഞു. ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തി നിലവിൽ ക്വാറന്‍റൈനിൽ കഴിയുകയാണ്. ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച വ്യക്തി വാക്സിനേഷൻ പൂർത്തിയാക്കിയ ആളാണ്.

ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. പുതിയ കൊവിഡ് 19 വകഭേദം പടരുന്നത് തടയാൻ എന്ന പേരിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നതും ചില രാജ്യങ്ങളെ പാടേ വിലക്കുന്നതും ശരിയല്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അധനോം ഗബ്രയേസസ് വ്യക്തമാക്കിയത്.

അതിനിടെ പുതിയ വകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ വ്യാപകമായി പകരന്നതായാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിൽ ഒരു ദിവസത്തിനുള്ളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഇരട്ടിയോളം വർദ്ധനവുണ്ടായതായാണ് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിളുകളില്‍ 74 ശതമാനവും പുതിയ വകഭേദം തന്നെയാണെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ ആഴ്ചയാണ് പുതിയ വകഭേദത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.